നിര്‍മ്മാണ ചിലവ് 7.78 ലക്ഷം രൂപ, നിര്‍മ്മിച്ചത് 2022ല്‍; 'ടേക്ക് എ ബ്രേക്ക്' സെന്റർ കാട് കയറി നശിക്കുന്നു

By Web TeamFirst Published Oct 14, 2024, 8:24 PM IST
Highlights

ഏതാനും മാസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച ശേഷം ടേക്ക് എ ബ്രേക്ക് കേന്ദ്രം അടച്ചുപൂട്ടിയെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.

കോഴിക്കോട്: ലക്ഷങ്ങള്‍ മുടക്കി കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയില്‍ നിര്‍മ്മിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രം കാട് കയറി നശിക്കുന്നതായി പരാതി. കൂമ്പാറ ബസ് സ്റ്റാന്റ് പരിസരത്ത് 2022 ഓഗസ്റ്റ് 14ന് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ഏതാനും മാസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച് അടച്ചുപൂട്ടിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ശുചിത്വ മിഷന്‍ ഫണ്ടില്‍ നിന്നും 7.78 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സ്ഥാപനം അന്നത്തെ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തില്‍ പൊതുശുചിമുറി സൗകര്യം, വഴിയോര വിശ്രമ കേന്ദ്രം, കോഫി ഷോപ്പ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കത്തക്ക രീതിയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. കാടുമൂടിയ നിലയിലാണ് ഇപ്പോള്‍ കെട്ടിടമുള്ളത്. ഏറെ വിനോദ സഞ്ചാരികള്‍ വരുന്ന പ്രദേശത്ത് ഇപ്പോള്‍ ശുചിമുറി സൗകര്യത്തിനും മറ്റുമായി സമീപത്തെ വീടുകളെയാണ് അവര്‍ ആശ്രയിക്കുന്നതെന്നും ടേക്ക് എ ബ്രേക്ക് സംവിധാനം എത്രയും പെട്ടെന്ന് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.

Latest Videos

അതേസമയം, മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിക്ക് യാര്‍ഡ് ആയി ഉപയോഗിക്കാന്‍ ബസ് സ്റ്റാന്‍ഡ് നല്‍കിയിരുന്നുവെന്നും അതിന്റെ ഭാഗമായി വന്ന സാങ്കേതിക ബുദ്ധിമുട്ടുകളാണ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ബസ് സ്റ്റാൻഡ് റീടാര്‍ ചെയ്താല്‍ സെന്റര്‍ ഉടന്‍ തുറക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

READ MORE: നാളെ പുലർച്ച മുതൽ മുന്നറിയിപ്പ്, കേരള തീരത്ത് റെഡ് അലർട്ട് ; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

click me!