തൃശൂരില്‍ നഗരസഭാ ജീവനക്കാരിക്ക് കൊവിഡ്; രോഗബാധ സമ്പര്‍ക്കത്തിലൂടെ

By Web Team  |  First Published Jun 25, 2020, 6:43 PM IST

തൃശൂരില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. മൂന്ന് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.


തൃശൂർ: തൃശൂരില്‍ നഗരസഭാ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോര്‍പ്പറേഷനിൽ ആരോഗ്യവിഭാഗം ജീവനക്കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിൽ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം, ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

വിദേശത്ത് നിന്നെത്തിയ ഏഴ് പേർക്കും തമിഴ്‌നാട്ടിൽ നിന്നും ഗുജറാത്തിൽ നിന്നും എത്തിയ ഒരോ ആള്‍ക്ക് വീതവുമാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പുറമെയാണ് സമ്പർക്കത്തിലൂടെ നഗരസഭാ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചത്. പൊയ്യ സ്വദേശിനിയായ തൃശൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിലെ ഓഫീസ് ജീവനക്കാരി (33 വയസ്സ്) ക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.

Latest Videos

undefined

ജൂൺ അഞ്ചിന് ഒമാനിൽ നിന്ന് വന്ന പറപ്പൂർ സ്വദേശി (28 വയസ്സ്, പുരുഷൻ), ജൂൺ 20 ന് സൗദി അറേബ്യയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (59 വയസ്സ്, പുരുഷൻ), ജൂൺ 23 ന് തിരുനെൽവേലിയിൽ നിന്ന് വന്ന തെക്കുംകര സ്വദേശി (49 വയസ്സ്, പുരുഷൻ), ജൂൺ 10 ന് കുവൈറ്റിൽ നിന്ന് വന്ന മേലൂർ സ്വദേശി (42 വയസ്സ്, പുരുഷൻ), ജൂൺ 13 ന് കുവൈറ്റിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (29 വയസ്സ്, പുരുഷൻ), ജൂൺ 11 ന് ഗുജറാത്തിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (46 വയസ്സ്, പുരുഷൻ), ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (46 വയസ്സ്, പുരുഷൻ), ജൂൺ 17 ന് ബഹറൈനിൽ നിന്ന് വന്ന കരിക്കാട് സ്വദേശി (36 വയസ്സ്, പുരുഷൻ), ജൂൺ 21 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (37 വയസ്സ്, പുരുഷൻ) എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുളളവർ.

രോഗം സ്ഥിരീകരിച്ച 134 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശൂർ സ്വദേശികളായ 6 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 16435 പേരിൽ 16270 പേർ വീടുകളിലും 165 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച് 24 പേരെയാണ് ഇന്ന് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. 
അതേസമയം, നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 8 പേരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. അസുഖബാധിതരായ 184 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. 1669 പേരെ പുതിയതായി ഇന്ന് നിരീക്ഷണത്തിൽ ചേർക്കുകയും 854 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് 283 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 8386 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 8001 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 385 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 2817 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ എന്ന പ്രചാരണം വാസ്തവ വിരുദ്ധം: ജില്ലാ കളക്ടർ

തൃശൂർ ജില്ലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആണെന്ന രീതിയിലുളള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മാത്രമാണ് അത് പ്രകാരമുളള നിയന്ത്രണങ്ങളുളളത്. ഇത് കർശനമായി പാലിക്കാനാണ് പോലീസിന് നിർദ്ദേശം നൽകിയിട്ടുളളത്. ഇതുമായി പൊതുജനങ്ങൾ സഹകരിക്കണം. മറ്റുളള സ്ഥലങ്ങളിൽ നിലവിൽ സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുളള നിയന്ത്രണങ്ങൾ മാത്രമാണ് ബാധകം. മറിച്ചുളള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. ജില്ലയിൽ നിലവിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും കളക്ടർ പറഞ്ഞു.  

click me!