എഡിഎം നവീൻ ബാബുവിന്‍റെ മരണം: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്ത് പ്രത്യേക അന്വേഷണ സംഘം

By Web Team  |  First Published Nov 29, 2024, 8:19 AM IST

'ഒരു തെറ്റുപറ്റി' എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി എടുത്തത്.


കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട്  ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി എടുത്തത്. 'ഒരു തെറ്റുപറ്റി' എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി എടുത്തത്.

തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു.  മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  പി പി ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ട് നിൽക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പോയതിന് പിറകെയാണ് നടപടി. 

Latest Videos

undefined

ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടർ സമാന മൊഴി നൽകിയിരുന്നു. അതേസമയം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടർ തന്നെ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം ഇല്ലായിരുന്നു. ഒക്ടോബർ 22 നാണ് പോലീസ് കളക്ടറുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. അന്ന് നൽകിയ വിവരങ്ങൾ തന്നെയാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചത്. 

അതിനിടെ നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ സംസ്ഥാന പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. എ‍ഡിഎമ്മിന്‍റേത് ആത്മഹത്യയല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിന്‍റെ കുടുംബം കോടതിയിൽ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച്, മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടു.

അതിനിടെ നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണമെന്ന കുടുംബത്തിന്‍റെ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ തള്ളി. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. ഈ നിലപാടിൽ മാറ്റമില്ല. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്ന് എം വി ​ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം പാർട്ടി നവീന്‍റെ കുടുംബത്തിന് ഒപ്പമാണെന്നും എം വി ​ഗോവിന്ദൻ ആവർത്തിച്ചു. 

എഡിഎം നവീൻ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!