വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ശ്രീരാമൻ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷ ജെ പ്രതിഭ, പഞ്ചായത്ത് അംഗങ്ങളായ ഇ മുനിയലക്ഷ്മി, ബി ജോർജ്, സുമിത്ര മനു എന്നിവരാണ് തൊഴിലുറപ്പ് ജോലിക്കും പഞ്ചായത്ത് കമ്മറ്റിയിലും ഒരേ പങ്കെടുത്തതായി രേഖകളിൽ കണ്ടെത്തിയത്.
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റടക്കം അഞ്ച് പഞ്ചായത്തംഗങ്ങൾ ഒരേ സമയം തൊഴിലുറപ്പ് ജോലിയിലും പഞ്ചായത്ത് കമ്മറ്റിയിലും പങ്കെടുത്തു. പരാതി ഉയർന്നതോടെ അന്വേഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ, തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിച്ച വേതനം പലിശയടക്കം തിരിച്ചടക്കാൻ ഉത്തരവിട്ടു.
വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ശ്രീരാമൻ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷ ജെ പ്രതിഭ, പഞ്ചായത്ത് അംഗങ്ങളായ ഇ മുനിയലക്ഷ്മി, ബി ജോർജ്, സുമിത്ര മനു എന്നിവരാണ് തൊഴിലുറപ്പ് ജോലിക്കും പഞ്ചായത്ത് കമ്മറ്റിയിലും ഒരേ പങ്കെടുത്തതായി രേഖകളിൽ കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓംബുഡ്സ്മാൻ പി ജി രാജൻ ബാബുവിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി. ആരോപണ വിധേയരായ പഞ്ചായത്തംഗങ്ങൾ തൊഴിലുറപ്പ് മേറ്റുമാർ പഞ്ചായത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവരിൽ നിന്നും തെളിവെടുപ്പ് നടത്തി. ഇതിൽ വൈസ് പ്രസിഡൻ്റ് എം ശ്രീരാമൻ രണ്ട് ദിവസവും ബാക്കി നാല് അംഗങ്ങൾ ഓരോ ദിവസവും ഇരട്ട വേതനം കൈപ്പറ്റിയതായി കണ്ടെത്തി. പഞ്ചായത്ത് കമ്മറ്റി, സ്റ്റാൻഡിംഗ് കമ്മറ്റി യോഗം എന്നിവയിലാണ് പങ്കെടുത്തത്. രണ്ടിടത്ത് ഒരേസമയം വേതനം പറ്റരുതെന്ന് അറിയില്ലായിരുന്നുവെന്ന ന്യായമാണ് കൂടുതൽ പേരും ഓംബുഡ്സ്മാന് മുൻപിൽ പറഞ്ഞത്.
പഞ്ചായത്തംഗങ്ങൾ കൈപ്പറ്റിയ തൊഴിലുറപ്പ് വേതനം വാങ്ങിയ ദിവസം മുതൽ തിരിച്ചടക്കുന്ന ദിവസം വരെ 18 ശതമാനം പലിശ ചേർത്ത് തിരച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. ഇവർക്ക് നിയമപരമല്ലാത്ത ഇളവനുവദിച്ച മേറ്റുമാരായ വിജയ ലക്ഷ്മി, ക്രിസ്തുമേരി, ശരണ്യ, സബീന സബീർ, ലക്ഷ്മി എന്നിവരെ മേറ്റ് പദവിയിൽ നിന്നും സ്ഥിരമായി ഒഴിവാക്കാനും നിർദ്ദേശിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ നടപടി ക്രമങ്ങൾ, നിയമ വശങ്ങൾ എന്നിവ സംബന്ധിച്ച് ജനപ്രതിനിധികൾക്ക് നിർബന്ധ പരിശീലനം നൽകാനും ഓംബുഡ്സ്മാൻ്റെ ഉത്തരവിലുണ്ട്. ഉത്തരവനുസരിച്ച് തുക തിരച്ചടക്കാൻ വണ്ടിപ്പെരിയാർ പഞ്ചായത്ത് അഞ്ച് പേർക്കും നോട്ടീസ് നൽകി.