രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്വമല്ല. നിഷ്പ്രയാസം സാധിക്കുന്ന ഒന്നു മാത്രമാണെന്നും സുരേഷ് ഗോപി
തൃശൂര്‍: കേരളം മൊത്തം എടുക്കുവാൻ പോവുകയാണെന്ന് ബിജെപി എംപി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്വമല്ല. നിഷ്പ്രയാസം സാധിക്കുന്ന ഒന്നു മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി സൈദ്ധാന്തിക വിപ്ലവത്തിലേക്ക് വളർന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നൽകുന്നതാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ച പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും നന്ദിയുണ്ട്. പാര്‍ട്ടിയുടെ എല്ലാ മുൻ അധ്യക്ഷന്മാര്‍ക്കും നന്ദിയുണ്ട്. പാര്‍ട്ടിക്കുവേണ്ടി ബലിദാനികളായവരോട് കടപ്പെട്ടിരിക്കുന്നു. ബലിദാനികളുടെ ത്യാഗമോര്‍ത്ത് മുന്നോട്ട് പോകും. കേരളത്തിലെ ബിജെപിയുടെ കരുത്ത് മനസിലായത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്. ബിജെപി പ്രവർത്തകരുടെ പാർട്ടിയാണ്.
നാളെയും അങ്ങനെ തന്നെയായിരിക്കും. എന്തുകൊണ്ട് കടം വാങ്ങി മാത്രം കേരളത്തിന് മുന്നോട്ടുപോകാനാകുന്നുവെന്ന് ചിന്തിക്കണം. എന്തുകൊണ്ട് കുട്ടികൾക്ക് പഠിക്കാൻ പുറത്തു പോകേണ്ടി വരുന്നു. കേരളത്തിൽ കൂടുതൽ സംരംഭങ്ങൾ വരാത്ത എന്തുകൊണ്ടാണ്? കേരളത്തിൽ വികസന മുരടിപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാം ഒരു വെല്ലുവിളിയായി നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.