കോഴിക്കോട് മലാപ്പറമ്പ് - ചേവരമ്പലം റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വലിയ ഗർത്തം രൂപപ്പെട്ടു
കോഴിക്കോട്: കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തിരക്കേറിയ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കോഴിക്കോട് മലാപ്പറമ്പ് - ചേവരമ്പലം റോഡിലാണ് മധ്യഭാഗത്ത് തന്നെ വലിയ കുഴി രൂപപ്പെട്ടത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവമുണ്ടായത്. ശക്തമായ ജലപ്രവാഹത്തില്‍ റോഡിന്റെ പാതി ഭാഗം തകര്‍ന്നതിനാല്‍ സമീപത്തെ വീടുകളിലേക്ക് വെള്ളം ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായി. കടകളിലും വെള്ളം കയറിയതായി പരാതിയുയര്‍ന്നു. അനുദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡാണിത്. വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടും വാഹനങ്ങള്‍ ഇതിന് വശങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിച്ച് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം