അമ്മയും കുഞ്ഞും കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച സംഭവം, കൊലപാതകമെന്നാരോപിച്ച് യുവതിയുടെ അച്ഛന്റെ പരാതി

By Web Team  |  First Published May 17, 2023, 11:06 AM IST

കുളിമുറിയിൽ പൊള്ളലേറ്റ നിലയിലാണ് മകളെയും പേരക്കുട്ടിയെയും കണ്ടത്. മകൾ ആത്മഹത്യ ചെയ്യുമെന്നും കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.


തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതിയും കുഞ്ഞും കുളിമുറിക്കുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്നാരോപിച്ച് യുവതിയുടെ അച്ഛൻ പ്രമോദ് രംഗത്ത്. ഭർത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മർദ്ദിക്കുമായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് അച്ഛൻ ആരോപിക്കുന്നത്. കുളിമുറിയിൽ പൊള്ളലേറ്റ നിലയിലാണ് മകളെയും പേരക്കുട്ടിയെയും കണ്ടത്. മകൾ ആത്മഹത്യ ചെയ്യുമെന്നും കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും മറ്റ് ബന്ധുക്കളും ആരോപിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അഞ്ജുവിന്‍റെ അച്ഛൻ കഠിനംകുളം പൊലീസിൽ പരാതി നൽകി. 

പുത്തൻതോപ്പ് സ്വദേശി രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവും ഒമ്പതുമാസം പ്രായമുള്ള മകൻ ഡേവിഡുമാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളിലെ കുളിമുറിയിലാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവ സമയം അഞ്ജുവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് രാജു ജോസഫ് അയൽപക്കത്തെ വീട്ടിലായിരുന്നുവെന്നാണ് പറയുന്നത്. കണ്ടയുടനെ രാജു ഉടൻ മകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒന്നരവര്‍ഷം മുന്പായിരുന്നു രാജു ജോസഫിന്‍റേയും വെങ്ങാനൂര്‍ സ്വദേശിയായ അഞ്ജുവിന്‍റേയും പ്രണയ വിവാഹം. ഇരുവരും തമ്മിൽ കുടുംബപ്രശ്നമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു. 

Latest Videos

അഞ്ജുവിന് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നെന്നും മറിച്ചുള്ള ആരോപണങ്ങൾ തെളിയിച്ചാൽ കുറ്റമേൽക്കാൻ തയ്യാറെന്നുമാണ് ഭര്‍ത്താവ് രാജു ജോസഫ് പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണത്തിലാണ്. 

തിരുവനന്തപുരത്ത് കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

 

click me!