ഇന്നലെയാണ് സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നിരുന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളത് 80,019 രോഗികള്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന് മുതല്‍ ലഭിച്ചുതുടങ്ങും. ആദ്യ തരംഗ കാലത്ത് സാമൂഹ്യ വ്യാപനം ഉണ്ടായ പൂന്തുറ അടക്കമുള്ള തീരങ്ങളില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് ഉണ്ടോയെന്ന് ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു.
ഇന്നലെയാണ് സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നിരുന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളത് 80,019 രോഗികള്‍. അടുത്ത മൂന്ന് ദിവസത്തില്‍ ചികിത്സയില്‍ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമനെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സ്വകാര്യ മേഖലയെ കൂടി പരമാവധി ഉള്‍പ്പെടുത്തി പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനാണ് വിദഗ്ധരുടെ ശുപാര്‍ശ.
കൊവിഡ് തീവ്ര വ്യാപനത്തിന് കാരണം ഇരട്ട ജനിതക മാറ്റം വന്ന വൈറസ് ആണോയെന്ന് കണ്ടെത്തണമെന്നും ആരോഗ്യവിദഗ്ദര്‍ ആവശ്യപ്പെടുന്നു. പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിയുന്ന വൈറസാണെങ്കില്‍ നേരിടുന്നത് വെല്ലുവിളിയാണ്. ഇരട്ടവ്യതിയാനമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെയും രോഗം ബാധിക്കും. മാസ് വാക്‌സിനേഷന്‍ കൊണ്ടാണ് രോഗത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം. പക്ഷെ നിലവില്‍ സ്റ്റോക്കുള്ള വാക്‌സിന്റെ എണ്ണം കുറയുന്നതാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രതിസന്ധി.