രാസലഹരിയുടെ ഹോട്ട്‌സ്‌പോട്ടായി താമരശേരി; ഒരു വര്‍ഷത്തിനിടയില്‍ 122 കേസുകള്‍, പെരുകുന്ന കുറ്റകൃത്യങ്ങൾ

ബംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയതോടെയാണ് ലഹരി കെണിയിൽ പെടുന്നവരുടെ എണ്ണവും കുറ്റകൃത്യങ്ങളും പെരുകിയത്.

thamarassery hotspot of drugs 122 cases register within one year

കോഴിക്കോട്: സംസ്ഥാനത്ത് രാസ ലഹരിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ അരങ്ങേറുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇന്ന് താമരശ്ശേരിയും പരിസരപ്രദേശങ്ങളും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ താമരശേരിയില്‍ പൊലീസ് എക്സൈസ് വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് 122 ലഹരി കേസുകളാണ്. ബംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയതോടെയാണ് ലഹരി കെണിയിൽ പെടുന്നവരുടെ എണ്ണവും കുറ്റകൃത്യങ്ങളും പെരുകിയത്.

കോഴിക്കോട് വഴി ബംഗളൂരുവിലേക്കുള്ള യാത്രയിലെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ താമരശ്ശേരി. പുതുപ്പാടി കട്ടിപ്പാറ താമരശ്ശേരി പഞ്ചായത്തുകളും വയനാട് ചുരം വരെ നീണ്ടുകിടക്കുന്ന ദേശീയപാതയും എല്ലാം ഉൾപ്പെടുന്ന താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധി കഴിഞ്ഞ കുറച്ചേറെ കാലമായി താമരശ്ശേരിയിൽ നിന്ന് കേൾക്കുന്നത് ഏറെയും അത്ര നല്ല വാർത്തകൾ അല്ല.

Latest Videos

ലഹരി മാഫിയയുടെ വിളയാട്ടം നാട്ടുകാരുടെ സ്വൈര്യജീവിതം തകർക്കുന്നത് സംബന്ധിച്ചും ഈ സംഘങ്ങൾക്കെതിരെ നാട്ടുകാർ നടത്തുന്ന ചെറുത്തുനിൽപ്പ് സംബന്ധിച്ചും ഒരുമിക്കാം ഒന്നിച്ച് തീർക്കാം എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് പരമ്പര നൽകിയത് കഴിഞ്ഞ സെപ്റ്റംബറിൽ. ലഹരി ശൃംഖലയുടെ പ്രവർത്തനം താഴെത്തട്ടിൽ വരെ എത്തിയ സാഹചര്യത്തിൽ നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്നായിരുന്നു ലഹരി മാഫിയയുടെ ആക്രമണം ഏറ്റുവാങ്ങിയവർ ഉൾപ്പെടെ പറഞ്ഞത്.

അടിവാരത്ത് ഒരു പോലീസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടതിനെക്കുറിച്ചും പൊലീസ് പട്രോളിങ് രാത്രികാലങ്ങളിൽ ശക്തമാക്കേണ്ടതിനെകുറിച്ചും നാട്ടുകാർ ആവർത്തിച്ചു. പക്ഷേ നടപടികള്‍ പതിവു രീതിയില്‍ മാത്രം ഒതുങ്ങി. ഏറെ വൈകാതെ ഈങ്ങാപ്പുഴക്ക് സമീപത്തുനിന്ന് നടുക്കുന്ന ഒരു വാർത്തയെത്തി. കാൻസർ ബാധിച്ച് വീട്ടിൽ കഴിയുകയായിരുന്നു ഉമ്മയെ ലഹരിക്ക് അടിമയായ മകൻ വെട്ടിക്കൊന്നു. പിന്നാലെ ലഹരിയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിരവധി അക്രമങ്ങൾ. 

ലഹരി തലയ്ക്ക് കയറി ക്ഷേത്രത്തിലെ വാളെടുത്ത സ്വന്തം അനുജന്റെ തലയ്ക്കു വെട്ടിയ ജേഷ്ഠൻ, വീടിന് പുറത്ത്  സിസിടിവി വച്ചതിന്റ പേരില്‍ ലഹരിമാഫിയയുടെ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്ന ഗൃഹനാഥന്‍. ഒടുവില്‍ പൊലീസിനെ കണ്ട് കൈയിലിരുന്ന എം ഡി എംഎയും വിഴുങ്ങി മരിച്ച ഷാനിദിൻ്റെ അനുഭവം വരെ. ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരേ ലഹരി സംഘത്തിലെ കണ്ണികൾ ആണെന്ന വിവരം താമരശ്ശേരിയിലെ സാധാരണ ജനങ്ങളുടെ ആധി കൂട്ടുന്നു.

താമരശ്ശേരി പൊലീസ് മാത്രം ഒരുവര്‍ഷം രജിസ്റ്റർ ചെയ്തത് ലഹരിയുമായി ബന്ധപ്പട്ട് രജിസ്റ്റ്ര്‍ ചെയ്തത്  74 കേസുകളാണ്. ഇതിൽ 20 എണ്ണം എം.ഡി.എം.എ വലിയ തോതില്‍ പിടികൂടിയ കേസാണ്. 48 കേസുകള്‍ എക്സൈസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന രാസലഹരിയുടെ വിതരണ കേന്ദ്രമായി താമരശ്ശേരി ചുരം മാറിയിട്ട് ഏറെയായി. അടുത്തകാലത്ത് താമരശ്ശേരി ചുരത്തിൽ  മറിഞ്ഞ ഒരു ജീപ്പിൽ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു.

click me!