രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ; കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ പാസാക്കി

അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഈ കമ്മീഷൻ

Kerala State Commission for Elderly Bill passed first in the country

തിരുവനന്തപുരം: രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ്  ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.  പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് ഇതോടെ രാജ്യത്താദ്യമായി കമ്മീഷൻ നിലവിൽ വരുന്നത്. 

അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഈ കമ്മീഷൻ. വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമ്മീഷന്‍ നിലവിൽ വരിക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകാൻ കമ്മീഷന് ചുമതലയുണ്ടാവും. 

Latest Videos

കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കും. കമ്മീഷന്‍റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കമ്മീഷൻ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സഹായിക്കുകയും ചെയ്യും. അവര്‍ക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സര്‍ക്കാരുമായി സഹകരിച്ച് അത് സാധ്യമാക്കുന്നതും ഏതെങ്കിലും തരത്തിലുളള നിയമസഹായം ആവശ്യമുളളിടത്ത് ആയത് കമ്മീഷൻ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മീഷനെ ഏല്‍പ്പിച്ച് നല്‍കുന്ന അങ്ങനെയുള്ള മറ്റ് ചുമതലകള്‍ നിര്‍വ്വഹിക്കുന്നതും കമ്മീഷന്റെ കര്‍ത്തവ്യമായിരിക്കും. കമ്മീഷന്റെ തീരുമാനങ്ങൾ അതിന്റെ ശിപാർശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കില്‍ തർക്കത്തിലേർപ്പെട്ട കക്ഷികള്‍ക്ക് പരിഹാരത്തിനായോ സര്‍ക്കാരിലേക്ക് അയക്കാം. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷൻ മാറും. വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും രാജ്യത്ത് ഉയർന്നുനിൽക്കുന്ന കേരളത്തെ ഇനിയും കൂടുതൽ വയോജനസൗഹൃദപരമാക്കാനുള്ള സുപ്രധാന തീരുമാനമാണ് നിയമമായിരിക്കുന്നതെന്നും മന്ത്രി ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
vuukle one pixel image
click me!