കേരളത്തിൽ ഭീകരാക്രമണ ഭീഷണി; 19 തീവ്രവാദികൾ രാമനാഥപുരത്തെത്തിയെന്ന് സന്ദേശം

By Web Team  |  First Published Apr 27, 2019, 6:54 AM IST

ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്നുമാണ് സന്ദേശം


തിരുവനന്തപുരം: കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി. ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരളം ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഫോടനം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കന്നതെന്നാണ് സന്ദേശം. നേരത്തെ ഏഴ് തീവ്രവാദികളെത്തിയെന്നായിരുന്നു സന്ദേശം. എന്നാല്‍ ഇവര്‍ 19 പേരുണ്ടെന്നാണ് പുതിയ വിവരം. ഇവര്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയെന്ന് ഇന്നലെ വൈകീട്ടാണ് ബെംഗളൂരു സിറ്റി പൊലീസിന് ഫോൺ സന്ദേശം ലഭിച്ചത്. 

ബെംഗളൂരു സിറ്റി പൊലീസിന്‍റെ സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. ഇവര്‍ പ്രധാനമായും ട്രെയിനുകളും ആള്‍ത്തിരക്കേറിയ നഗരങ്ങളെയും സ്ഫോടനത്തിനായി ലക്ഷ്യമിടാന്‍ സാദ്ധ്യതയുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു. ബെംഗളൂരു പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. 

Latest Videos

ഇതിനിടെ ശ്രീലങ്കന്‍ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന 50 പേരെയാണ് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഐഎസ് സംഘത്തില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന ഇവര്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചുകടന്ന ശേഷം അഫ്ഗാനിസ്ഥാനിലും സിറിയയിലുമായി കഴിയുകയാണെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. 

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 360-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ബന്ധം സംശയിക്കുന്നവര്‍ ഭീകരവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഇവരുടെ പദ്ധതിയെന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ നിഗമനം. 

undefined

കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 105 ഓളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് എന്‍ഐഎയുടെ പിടിയിലായത്. ഇവര്‍ക്കെതിരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 14 ഐഎസ് ഭീകരര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ കഴിയുന്നുണ്ടെന്നാണ് സൂചന. 2016 മെയ്-ജൂണ്‍ കാലയളവില്‍ ഇന്ത്യ വിട്ട കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ അഫ്ഗാനിസ്ഥാനിലെത്തി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയായിരുന്നെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിറിയയിലും ഇറാഖിലുമായി താമസിക്കുന്ന ഐഎസ് ഭീകരര്‍ ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ യുവാക്കളെ ഇപ്പോഴും  ഐഎസിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും എന്‍ഐഎ പറ‍ഞ്ഞു. 

2018-ല്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി സ്ഫോടനപരമ്പരകള്‍ നടത്താന്‍ ഐഎസ് ബന്ധമുള്ള ഭീകരസംഘടന ഹര്‍ക്കത്-ഉള്‍-ഹര്‍ബ്-എ ഇസ്ലാം പദ്ധതി ഇട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഐഎസിന് ആക്രമണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്ഫോടനപരമ്പരകളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.  കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന് മുമ്പ് ഇന്ത്യ ശ്രീലങ്കയ്ക്ക് ആക്രമണം  സംമ്പന്ധിച്ച വിവരം നല്‍കിയിരുന്നു. 

click me!