Latest Videos

അന്തർ സംസ്ഥാന ബസ് സർവീസിൽ അനിശ്ചിതത്വം തുടരുന്നു; തമിഴ്നാട് എംവിഡി കോടതിയെ വെല്ലുവിളിക്കുന്നുവെന്ന് ബസ് ഉടമകൾ

By Web TeamFirst Published Jun 20, 2024, 12:38 PM IST
Highlights

 സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മാത്രമാണ് തടയുന്നതെന്നാണ് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം

ചെന്നൈ/കൊച്ചി: കേരളത്തില്‍ നിന്ന് തമിഴ് നാട് വഴിയുളള അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പ്രതിസന്ധി തുടരുന്നു. സുപ്രീംകോടതി ഉത്തരവ് പോലും ലംഘിച്ച് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ്  കേരളത്തില്‍ നിന്നുളള ബസുകള്‍ അകാരണമായി തടയുകയാണെന്നാണ് ബസ് ഉടമകളുടെ വാദം. എന്നാല്‍, സ്റ്റേജ് കാരേജ് പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മാത്രമാണ് തടയുന്നതെന്നാണ് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട രണ്ടു ബസുകൾ നാഗര്‍കോവിലില്‍ വെച്ച് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ബസ് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തതോടെ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ പാതിരാവില്‍ പെരുവഴിയിലായി

തമിഴ് നാട്ടില്‍ രജിസ്റ്റര്‍ ചെയ്യാത്ത അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വീസ് നടത്താന്‍ പാടില്ലെന്ന നിലപാടാണ് അവിടുത്തെ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് കേരളത്തിലെ ബസ് ഉടമകള്‍ ആരോപിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് പോലും മറികടന്നാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും വിമര്‍ശനമുണ്ട്. എല്ലാ വണ്ടികളൂം തമിഴ്നാട് രജിസ്ട്രേഷനിലേക്ക് മാറ്റാനാണ് തമിഴ്നാട് പറയുന്നതെന്നും അത് പ്രായോഗികമല്ലെന്നും സ്റ്റേ ഓർഡർ കാണിച്ചിട്ടും അത് ഞങ്ങളെ ബാധിക്കില്ല എന്നാണ് അവർ പറയുന്നതെന്നും ബസ് ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. മഹേഷ് ശങ്കര്‍ സുബ്ബൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതിയെ വെല്ലുവിളിച്ചാണ് തമിഴ്നാട് ബസുകൾ പിടിച്ചിടുന്നതെന്നും കോടതിയലക്ഷ്യ ഹര്‍ജി ഉള്‍പ്പെടെ നല്‍കി നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും മഹേഷ് സുബ്ബൻ പറഞ്ഞു.

2023 നവംബറിലാണ് തമിഴ്നാട്ടിലൂടെ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളും മറ്റു സംസ്ഥാനങ്ങളില്‍ രജിസ്ട്രര്‍ ചെയ്ത ബസുകളും തമിഴ്നാട്ടിലേക്ക് രജിസ്ട്രേഷൻ മാറ്റണമെന്ന നിയമം കൊണ്ടുവന്നതെന്ന് മഹേഷ് സുബ്ബൻ പറഞ്ഞു. ഇതിനെ എതിര്‍ത്തുകൊണ്ട് ബസ് ഉടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹര്‍ജി നല്‍കിയ രണ്ട് ട്രാവലന്‍സിനും തമിഴ്നാട്ടിലൂടെ സര്‍വീസ് നടത്താൻ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. 2023 ഡിസംബറിലാണ് സുപ്രീം കോടതി തമിഴ്നാടിന്‍റെ നടപടിയില്‍ സ്റ്റേ കൊണ്ടുവരുകയും ഈ രണ്ട് ബസ് ഉടമകള്‍ക്ക് തമിഴ്നാട്ടിലൂടെ കടന്നുപോകാനുമുള്ള അനുമതിയും നല്‍കിയതെന്ന് മഹേഷ് സുബ്ബൻ പറഞ്ഞു.

ഇതനുസരിച്ചാണ് ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ ഇതുവരെ സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍, രണ്ടു ദിവസം മുമ്പ് തമിഴ്നാട് ഗതാഗത മന്ത്രിയുടെ നിര്‍ദേശാനുസരണം തമിഴ്നാട്ടില്‍ രജിസ്ട്രര്‍ ചെയ്യാത്ത അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് നടപടിയാരംഭിക്കുകയായിരുന്നുവെന്നും സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ് കാണിച്ചിട്ടും സര്‍വീസ് നടത്താൻ അനുവദിച്ചില്ലെന്നും മഹേഷ് സുബ്ബൻ ആരോപിച്ചു.സുപ്രീം കോടതി അവധിയിലിരിക്കെയാണ് ഇവര്‍ ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നിരിക്കുന്നതെന്നും ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും മഹേഷ് സുബ്ബൻ പറഞ്ഞു. 

പെര്‍മിറ്റ് നിയമലംഘനത്തിന്‍റെ പേരിലാണ് നടപടിയെന്ന് തമിഴ്നാട് 

ഓള്‍ ഇന്ത്യ പെര്‍മിറ്റിന്‍റെ മറവില്‍ സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് ഇല്ലാതെ യാത്രാ വഴിയിലുടനീളം ആളെ കയറ്റി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മാത്രമാണ് തടയുന്നതെന്ന് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നു. സര്‍ക്കാരിനുണ്ടാകുന്ന നികുതി നഷ്ടം കണക്കിലെടുത്താണ് നടപടിയെന്നും നിയമപരമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ തടയുന്നില്ലെന്നും തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ് അവകാശപ്പെട്ടു. അനിശ്ചിതത്വം തുടരുന്നതിനാല്‍ തമിഴ് നാട് വഴിയുളള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുന്നത് യാത്രക്കാരാണ്.
 

ബെംഗളൂരുവില്‍ നിന്ന് വരുന്നതിനിടെ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

 

click me!