കാസര്‍കോട് കടുത്ത നിയന്ത്രണം; കടകള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ മാത്രം

By Web Team  |  First Published Jul 16, 2020, 6:06 AM IST

മഞ്ചേശ്വരം മുതല്‍ തലപ്പാടി വരെയുള്ള 28 കിലോമീറ്റര്‍ ദേശീയ പാത കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.


കാസർകോട്: കാസർകോട് ജില്ലയിൽ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാൻ അനുവദിക്കൂ. ജനക്കൂട്ടം ഒഴിവാക്കാന്‍ ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും ഇനി പൊലീസ് നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. മഞ്ചേശ്വരം മുതല്‍ തലപ്പാടി വരെയുള്ള 28 കിലോമീറ്റര്‍ ദേശീയ പാത കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

ചെങ്കള മഞ്ചേശ്വരം മധൂര്‍ പഞ്ചായത്തുകളില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുകയാണ്. ചെങ്കളയില്‍ മാത്രം ഇന്നലെ 28 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 27 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിര്‍ത്തി കടന്ന് ദിവസപാസിലൂടെ യാത്ര ചെയ്തവരില്‍ നിന്നാണ് രോഗം പടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കിയിട്ടുണ്ട്. കൂമ്പള മുതല്‍ തലപ്പാടിവരെ 28 കിലോമീറ്റര്‍ കണ്ടെന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. മധൂര്‍, ചെര്‍ക്കള എന്നിവിടങ്ങളിലെ കടകളും കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റും ഇന്ന് മുതല്‍ അടച്ചിടും.

Latest Videos

ഊടുവഴികളിലൂടെ ഇപ്പോഴും കാല്‍നടയായി കര്‍ണാടകയില്‍ നിന്നെത്തുന്നവരുണ്ട്. ഇത്തരം ആളുകളെ കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. കൂടുതല്‍ പൊലീസുകാരെ അതിര്‍ത്തിയില്‍ വിന്യസിക്കും. ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും ഇന്ന് മുതല്‍ പൊലീസ് നിയന്ത്രണത്തിലാണ്. മാസ്‍ക് ധരിക്കുകയും സാമൂഹ്യ അകലം എന്നിവ പാലിക്കുകയും ചെയ്യാത്തവര്‍ക്കെതിരെ ഇന്ന് മുതല്‍ കടുത്ത നടപടി സ്വീകരിക്കും. അടുത്ത ഒരാഴ്ച്ച അതീവ ജാഗ്രത വേണമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശം.

click me!