'ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ? നിശ്ചിത അകലപരിധി ഗൈഡ് ലൈന്‍ ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ച്': ഹൈക്കോടതി

By Web Team  |  First Published Nov 28, 2024, 4:25 PM IST

നിശ്ചിത അകല പരിധി ​ഗൈഡ് ലൈൻ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരി​ഗണിച്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി. 


കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനി‍ർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്‍റെ ഭാഗമാണെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. 15 ആനകളെ എഴുന്നളളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്ര ഭരണസമിതി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ആനകളുടെ പരിപാലനവും ജനങ്ങളുടെ സുരക്ഷയുമാണ് പ്രധാനപ്പെട്ടത് എന്ന് വിലയിരുത്തിയാണ് മാർഗനിർദേശങ്ങളിൽ അയവുവരുത്താൻ ഉദ്ദേശിക്കുന്നില്ല എന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. എഴുന്നളളിപ്പിന് ആനകൾ തമ്മിൽ കുറഞ്ഞത് മൂന്നുമീറ്റർ അകലം വേണമെന്നാണ് നിർദേശം. തൃപ്പൂണിത്തുറ  പൂർണത്രയേശ ക്ഷേത്രത്തിലെ ഏഴുന്നളളിപ്പിന്  സ്ഥലം കണക്കാക്കായാൽ ആനകൾ തമ്മിൽ ചേർത്ത് ചേർത്ത് നിർത്തേണ്ടിവരും. ഇത് എങ്ങനെ അനുവദിക്കാനാകുമെന്ന് കോടതി ചോദിച്ചു.

Latest Videos

undefined

15 ആനകളെയും എഴുന്നളളിക്കണമെന്ന് പറയുന്നത് എന്താചാരത്തിന്‍റെ ഭാഗമാണ്?  ആനകളെ എഴുന്നളളിച്ചില്ലെങ്കിൽ ആചാരം എങ്ങനെയാണ് തകരുന്നത്? ആനയെഴുന്നളളിപ്പ് അനിവാര്യ മതാചാരമാകുന്നത് എങ്ങനെയാണ്? പരിഹാസ്യമായ വാദങ്ങളാണ് ആനകളെ എഴുന്നളളിക്കാൻ ഉന്നയിക്കുന്നത്. എഴുന്നളളിപ്പ് നടത്തിയില്ലെങ്കിൽ എങ്ങനെയാണ് ഹിന്ദു മതം തകരുന്നതെന്നും കോടതി ചോദിച്ചു.

ചങ്ങലയിൽ പൂട്ടിയിട്ട ആനകളെ കണ്ടാണോ ആളുകൾ ആസ്വദിക്കുന്നത്? കുഞ്ഞുങ്ങളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവർഗമാണത്. എത്ര നാട്ടനകളാണ് സമീപ ഭാവിയിൽ കേരളത്തിൽ ചെരിഞ്ഞത്. ഇതൊന്നും ആരും കാണാത്തത് എന്താണ്? ആചാരത്തിന്‍റെ പേര് പറഞ്ഞ് 15 ആനകളെ എഴുന്നളളിക്കണമെന്ന് ക്ഷേത്ര ഭരണസമിതി വാശി പിടിക്കുന്നത് ശരിയല്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ക്ഷേത്ര ഭരണ സമിതി നൽകിയ ഹ‍ർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി.

click me!