അടുത്ത വർഷം മെയ്യിൽ അനന്തുവിന്റെ ചേച്ചി അശ്വതിയുടെ വിവാഹമാണ്. അതിന്റെ ചെലവുകളെ പറ്റിയുള്ള വേവലാതിക്കിടെയാണ് അനന്തുവിനെ തേടി ഭാഗ്യം എത്തിയത്.
ആലപ്പുഴ: കരസേനാ റിക്രൂട്ട്മെന്റ് പരീക്ഷയിൽ കൈവിട്ട ഭാഗ്യം ലോട്ടറിയുടെ രൂപത്തിൽ എത്തിയ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശി അനന്തു. ഈ ആഴ്ചത്തെ സ്ത്രീ ശക്തി ഭാഗ്യക്കുറിയിലൂടെയാണ് ഈ ഇരുപത്തി ഒന്നുകാരനെ ഭാഗ്യദേവത കടാക്ഷിച്ചത്. എസ്ഒ 680894 എന്ന നമ്പറാണ് 70 ലക്ഷത്തിന്റെ ഭാഗ്യം അനന്തുവിന് നേടികൊടുത്തത്.
അമ്പലപ്പുഴ കോമന പുതുവലിൽ അശോകൻ- ഗീതാ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് അനന്തു. കഴിഞ്ഞ മൂന്ന് വർഷമായി അനന്തു കരസേനാ റിക്രൂട്ട്മെന്റ് പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. ഈ മാസം മൂന്നാം തീയതി നടന്ന കരസേനയിലേക്കുള്ള കായിക പരീക്ഷയിൽ പങ്കെടുക്കാനാണ് അനന്തു കോട്ടയത്തേക്ക് വണ്ടി കയറിയത്. എന്നാൽ റിക്രൂട്ട്മെന്റിലെ ഓട്ടമത്സരം നിശ്ചിത സമയത്തിനുള്ളിൽ അനന്തുവിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
undefined
ഈ വിഷമത്തിൽ തിരികെ വീട്ടിലേക്ക് മടങ്ങവേ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചാണ് അനന്തു സ്ത്രീ ശക്തിയുടെ ലോട്ടറി എടുക്കുന്നത്. 'ഞാൻ ഇതുവരെയും ലോട്ടറി എടുത്തില്ല. അന്ന് ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ ലോട്ടറി എടുക്കാൻ മനസിൽ തോന്നുകയായിരുന്നു. ലോട്ടറി അടിച്ചതിൽ വളരെയധികം സന്തോഷം'- അനന്തു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
സ്കൂളിൽ പഠിച്ചിരുന്ന സമയത്തുതന്നെ കരസേനയിൽ ചേരണമെന്ന ആഗ്രഹം അനന്തുവിന്റെ മനസിൽ ഉടലെടുക്കുകയായിരുന്നു. ലക്ഷപ്രഭു ആയെങ്കിലും റിക്രൂട്ട‌്മെന്റ് പരീക്ഷയിൽ ഇനിയും പങ്കെടുക്കുമെന്നും അവസരം കിട്ടുന്നതുവരെ പ്രയത്നിക്കുമെന്നും അനന്തു പറയുന്നു.
അടുത്ത വർഷം മെയ്യിൽ അനന്തുവിന്റെ ചേച്ചി അശ്വതിയുടെ വിവാഹമാണ്. അതിന്റെ ചെലവുകളെ പറ്റിയുള്ള വേവലാതിക്കിടെയാണ് അനന്തുവിനെ തേടി ഭാഗ്യം എത്തിയത്. ചേച്ചിയുടെ വിവാഹം പ്രമാണിച്ച് വീടിന്റെ അറ്റകുറ്റ പണികൾ നടത്തിയതിൽ ചെറിയ കടബാധ്യതയുണ്ടെന്നും അനന്തു പറയുന്നു.
വിചാരിച്ചതിനെക്കാളും ഗംഭീരമായി ചേച്ചിയുടെ വിവാഹം നടത്തണമെന്നാണ് ആഗ്രഹമെന്നും അത് കഴിഞ്ഞേ ബാക്കി കാര്യങ്ങൾ ഉള്ളുവെന്നും അനന്തു പറയുന്നു. മത്സ്യത്തൊഴിലാളി കുടുംബമാണ് അനന്തുവിന്റേത്. അരുൺ, അശ്വതി എന്നിവരാണ് അനന്തുവിന്റെ സഹോദരങ്ങൾ.