സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത് കൂടുതൽ ഭാഗങ്ങൾ നീക്കിയശേഷം

By Web TeamFirst Published Aug 23, 2024, 9:49 AM IST
Highlights

21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ. സർക്കാർ നടപടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ കമ്മീഷന് പരാതി നൽകി.

തിരുവനന്തപുരം:പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കി.

ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ. ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് വിവരം. 

Latest Videos

നാലര വർഷം സർക്കാർ പൂഴ്ത്തിവച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ജൂലൈ 5നാണ് വിവരവകാശ കമ്മീഷൻ ഉത്തരവിട്ടത്. 49ആം പേജിലെ 96ആം പാരഗ്രാഫ്, 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുളള പാരഗ്രാഫ് എന്നിവ ഒഴിക്കണമെന്നായിരുന്നു കമ്മീഷൻ നിർദ്ദേശിച്ചത്. ആളുകളുടെ സ്വകാര്യത കണക്കിലെടുത്ത് കൂടുതൽ ഭാഗങ്ങൾ വേണെങ്കിൽ സർക്കാരിന് ഒഴിവാക്കാമെന്നും ഉത്തരവിൽ ഉണ്ടായരുന്നു.എതൊക്കെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് അറിയിച്ച് സാംസ്കാരിക വകുപ്പ് 18ആം തീയതി വിവരവകാശ അപേക്ഷക‍ർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, 19ന് ഏഷ്യാനെറ്റ് ന്യൂസിന് അടക്കം റിപ്പോർട്ട് കൈമാറിയപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ കൂടുതൽ ഭാഗങ്ങൾ സർക്കാർ വെട്ടി. 


49 മുതൽ 53 വരെയുള്ള പേജുകളാണ് പൂർണമായും ഒഴിവാക്കിയത്. 29 പാരഗ്രാഫുകൾ ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ പറഞ്ഞിടത്ത് 130ഓളം പാരഗ്രാഫുകളാണ് സർക്കാർ വെട്ടിയത്. മലയാള സിനിമാരംഗത്തെ പ്രമുഖർ തന്നെ ലൈംഗികാതിക്രമം നടത്തിയെന്ന് ഹേമ കമ്മിറ്റിക്ക് ബോധ്യപ്പെട്ടെന്ന 96ആം പാരഗ്രാഫിന് തുടർച്ചയായുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്.മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ അടങ്ങിയ ഭാഗം സർക്കാർ മനപ്പൂർവം ഒഴിവാക്കിയെന്നാണ് ആക്ഷേപം ഉയരുന്നത്. 

അതേസമയം, വിവരാവകാശ കമ്മീഷൻ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച 96ആം പാരഗ്രാഫ് പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.  ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ച 147ആം പാരഗ്രാഫും കൈമാറിയിട്ടുമുണ്ട്.  എന്നാൽ ആരുടെയും നിർദ്ദേശം ഇല്ലാതിരുന്നിട്ടും സുപ്രധാനമായ വെളിപ്പെടുത്തലുകൾ അടങ്ങിയ പേജുകൾ സർക്കാർ വെട്ടിയത് ആരെ സംരക്ഷിക്കാനെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിക്കാതിരുന്നതും ദുരൂഹമാണ്. സർക്കാർ നടപടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ കമ്മീഷന് പരാതി നൽകി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടിൽ വ്യാപക പ്രതിഷേധം; സര്‍ക്കാരിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം


അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ കൂടുതല്‍ ഒന്നും വിശദീകരിക്കാനില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാട് നേരത്തെ വിശദീകരിച്ചതാണ്. ഇനി കൂടുതലൊന്നും പറയാനില്ല. തുടര്‍ നടപടി കോടതി തീരുമാനിക്കട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ ആകില്ലെന്ന് മന്ത്രി എ കെ ബാലൻ ആവര്‍ത്തിച്ചു. അന്വേഷണം നടത്തിയശേഷം മാത്രമെ കേസില്‍ തീരുമാനം എടുക്കാനാകു. ഹൈക്കോടതി പത്തിന് കേസ് പരിഗണിക്കുമ്പോള്‍ വ്യക്തത വരും. പരാതിക്കാര്‍ മുമ്പിൽ ഇല്ല പിന്നിലാണെന്നും എകെ ബാലൻ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പോക്സോ പരാതി ഉണ്ടോയെന്ന് അറിയില്ലെന്നും ചില പേജുകള്‍ ഒഴിവാക്കിയാണോ പുറത്ത് വിട്ടതെന്ന് അറിയില്ലെന്നും സ്വമേധയാ കേസ് എടുക്കാൻ ആകില്ലെന്നും വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. പോക്സോ പരാതി ഉണ്ടോയെന്ന് ഹൈക്കോടതി പരിശോധിക്കട്ടെ. കോടതി പറഞ്ഞാല്‍ നടപടി സ്വീകരിക്കും.

സൂക്ഷിച്ചേ നിലപാടെടുക്കൂ എന്ന് പറയുന്നത് ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ല, ആരെയാണവർ പേടിക്കുന്നത്? ജോളി ചിറയത്ത്

'അമ്മ'യിലെ ആരെയും വിളിച്ചില്ല, ഹേമ കമ്മിറ്റി എടുത്തത് ഡബ്ല്യുസിസി ശുപാർശ ചെയ്തവരുടെ മൊഴി; കുക്കു പരമേശ്വരൻ


 

click me!