സ്ഥിരമായി ട്രേഡിങ് നടത്താറുണ്ടായിരുന്ന ആളാണ് തട്ടിപ്പിന് ഇരയായത്. പ്രമുഖ ആപ്ലിക്കേഷനുകളുടെ ഒറിജിനലിനെ വെല്ലുന്ന വ്യാജനുണ്ടാക്കി.
തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയറിൽ നിന്ന് ആറു കോടി രൂപ തട്ടിയ കേസിൽ മൂന്ന് പേർ കൂടി പിടിലായി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേരെ പിടികൂടിയിരുന്നു.
വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷൻ വഴി കോടികൾ തട്ടിയ കേസിൽ മൂന്ന് പേർ കൂടിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ആഷിക് അലി, സൽമാനുൽ ഫാരിസ്, കോഴിക്കോട് കൊടുവള്ളി സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരെയാണ് പൊലീസ് ഇന്ന് പിടികൂടിയത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇവരിലേക്ക് എത്തിയത്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായ മൂന്ന് പേരിൽ നിന്ന് വ്യാജ ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും ഫോണുകളും പൊലീസ് കണ്ടെത്തി. ഈ കേസിൽ അടൂർ സ്വദേശിയായ രാഹുൽ, കൊല്ലം സ്വദേശിയായ അനു ബാബു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രവാസി കൂടിയായ പട്ടം സ്വദേശിയിൽ നിന്നാണ് ആറ് കോടി രൂപ തട്ടിയെടുത്തത്. സോഫ്റ്റ്‍വെയർ എഞ്ചിനീയറെ വ്യാജ ട്രേഡിങ് ആപ്പിൽ കുടുക്കുകയായിരുന്നു.
സ്ഥിരമായി ട്രേഡിങ് ചെയ്യാറുണ്ടായിരുന്ന പട്ടം സ്വദേശിയെക്കൊണ്ട് പ്രമുഖ ട്രേഡിങ് പ്ലാറ്റ്‍ഫോമുകളുടെ വ്യാജ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചായിരുന്നു നീക്കങ്ങൾ. വൻ തുക ലാഭം കിട്ടുന്നതായി വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ഒരു മാസത്തിനുള്ളിൽ ആറ് അക്കൗണ്ടുകളിൽ നിന്നാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്. വൻ ഓഫറുകള്‍ നൽകിയാണ് ഓരോ തവണയും ഈ സംഘം തട്ടിപ്പ് നടത്തി വന്നിരുന്നത്. കേസിൽ കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം