ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിൽ പോകാൻ അനുവദിച്ചില്ലെന്നാണ് പരാതി.
കാസർകോട്: കാസർകോട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ 6 പൊലീസുകാർക്ക് കൊവിഡ്. നേരത്തെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സ്റ്റേഷനിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8 ആയി. സമ്പര്‍ക്ക പട്ടികയിലുള്ളവരെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിച്ചില്ലെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്.
ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിൽ പോകാൻ അനുവദിച്ചില്ലെന്നാണ് പരാതി ഉയരുന്നത്. ഇത് സ്റ്റേഷനിൽ സമ്പർക്ക വ്യാപനത്തിന് കാരണമായി എന്നാണ് ആരോപണം. പ്രാഥമിക ദ്വിതീയ സമ്പർക്ക പട്ടികയിലുള്ള ആരും നിരീക്ഷണത്തിൽ പോയിരുന്നില്ല.
അതേസമയം, ആരോപണം കാസർകോട് എസ്പി നിഷേധിച്ചു. കൊവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിൽ പോകാൻ അനുവദിച്ചില്ലെന്ന ആരോപണം തെറ്റാണെന്ന് എസ്പി പറഞ്ഞു. പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടെന്നും സാമ്പിൾ പരിശോധന നടത്തിയതും സ്റ്റേഷനിലെ പൊലീസുകാർ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരുടെ ഭാഗത്താണെന്നും എസ് പി പഴിചാരി.