സണ്‍റൈസേഴ്സ് നെഞ്ച് കലക്കിയ അഞ്ച് വിക്കറ്റ് പ്രകടനം; മിച്ചല്‍ സ്റ്റാര്‍ക്ക് ഇരട്ട നാഴികക്കല്ലില്‍

ഐപിഎല്‍ 2025ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 3.4 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്താണ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം 

IPL 2025 DC vs SRH Mitchell Starc baggs his first five wicket haul in all T20 cricket with another milestone

വിശാഖപട്ടണം: പ്രതാപകാലം ഓര്‍മ്മിപ്പിച്ചുള്ള തകര്‍പ്പന്‍ ബൗളിംഗ്. ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവുമായി പ്രതിഭ വീണ്ടും തെളിയിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. അഞ്ച് വിക്കറ്റെടുത്ത പ്രകടനവുമായി രണ്ട് നാഴികക്കല്ലുകള്‍ സ്റ്റാര്‍ക്ക് പേരിലാക്കുകയും ചെയ്തു. 

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 3.4 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്താണ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം. യോര്‍ക്കറുകളുടെ തമ്പുരാനാണെങ്കിലും ടി20 കരിയറില്‍ ഇതാദ്യമായാണ് മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുക്കുന്നത്. മാത്രമല്ല, ഡല്‍ഹി ക്യാപിറ്റല്‍സിനായി അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളര്‍ മാത്രമാണ് സ്റ്റാര്‍ക്ക്. 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ 17 റണ്‍സിന് അഞ്ച് പേരെ പുറത്താക്കിയ അമിത് മിശ്രയാണ് പട്ടികയിലെ ആദ്യ ഡല്‍ഹി താരം. 

Latest Videos

അഞ്ച് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കും മൂന്ന് പേരെ മടക്കി സ്പിന്നര്‍ കുല്‍ദീപ് യാദവും തകര്‍ത്തെറിഞ്ഞപ്പോള്‍ സണ്‍റൈസേഴ്സ് ഇന്നിംഗ്സ് 18.4 ഓവറില്‍ 163 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ (5 പന്തില്‍ 2), നിതീഷ് കുമാര്‍ റെഡി (2 പന്തില്‍ 0), ട്രാവിസ് ഹെഡ് (12 പന്തില്‍ 22) എന്നിവരെ ആദ്യ സ്പെല്ലില്‍ തന്നെ സ്റ്റാര്‍ക്ക് മടക്കിയയച്ചു. ഇതിന് ശേഷം 41 പന്തില്‍ 74 റണ്‍സ് നേടിയ അനികേത് വര്‍മ്മയും 19 പന്തില്‍ 32 പേരിലാക്കിയ ഹെന്‍‌റിച്ച് ക്ലാസനുമാണ് സണ്‍റൈസേഴ്സിനെ കരകയറ്റിയത്. സ്റ്റാര്‍ക്കിന്‍റെ അവസാന സ്പെല്ലില്‍ ഹര്‍ഷല്‍ പട്ടേലിനെ (9 പന്തില്‍ 5) അക്സര്‍ പട്ടേലും, മുള്‍ഡറെ (11 പന്തില്‍ 9) ഫാഫ് ഡ‍ുപ്ലസിസും തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കുകയായിരുന്നു. സണ്‍റൈസേഴ്സ് നിരയിലെ എട്ട് താരങ്ങള്‍ രണ്ടക്കം കാണാതെ മടങ്ങി.

Read more: ഐപിഎൽ: ഒറ്റയാനായി പൊരുതി അനികേത് വർമ, സ്റ്റാർക്കിന് 5 വിക്കറ്റ്; ഡൽഹിക്കെതിരെ ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!