വിഷുകൈനീട്ടം ദുരിതാശ്വാസനിധിയിലേക്ക്; എസ്എഫ്‌ഐ സമാഹരിച്ചത് ആറ് ലക്ഷത്തോളം രൂപ

By Web Team  |  First Published Apr 15, 2020, 7:10 PM IST

 വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമോയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനോട് ആവേശകരമായ പ്രതികരണമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരം: വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് എന്ന ക്യാമ്പയിനിലൂടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ സമാഹരിച്ചത് ആറ് ലക്ഷത്തോളം രൂപ. മുഖ്യമന്ത്രി പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമോയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനോട് ആവേശകരമായ പ്രതികരണമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

പലരും നേരിട്ടും അല്ലാതെയും സംഭാവന നല്‍കി. നമ്മളെ സംബന്ധിച്ച് അമൂല്യമാണ് ആ സംഭാവനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച കൈനീട്ടം ദുരിതം അനുഭവിക്കുന്നവര്‍ക്കായി സംഭാവന നല്‍കിയ ആ സുമനസുകള്‍ ഈ പ്രതിസന്ധികാലത്ത് ആത്മധൈര്യം പകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്‌ഐ സോഷ്യല്‍ മീഡിയയിലൂടെയാണ് വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

Latest Videos

undefined

ഇതിലൂടെ 6,39, 527 രൂപ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നേരത്തെ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിഷുസമ്മാനവുമായി ഡിവൈഎഫ്‌ഐ 500 പിപിഇ കിറ്റ് നല്‍കിയിരുന്നു. വിഷുദിനത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 1340 ചാക്ക് അരിയും ഡിവൈഎഫ് സംഭവന നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.  

500 പിപിഇ കിറ്റുകള്‍ ഡിവൈഎഫ്‌ഐ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് കൈമാറുകയായിരുന്നു. നേരത്തെ, പിപിഇ കിറ്റുകള്‍ക്ക് വലിയക്ഷാമം നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷുസമ്മാനമായി കിറ്റുകള്‍ നല്‍കാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചത്. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ച തുകയാണ് കിറ്റുകള്‍ വാങ്ങാന്‍ നല്‍കിയത്.
 

click me!