അർജുനായി തെരച്ചിൽ 6-ാം ദിനം: സൈന്യമെത്താൻ വൈകും; ഇതുവരെ ഒന്നും കണ്ടെത്താനായില്ല

By Web TeamFirst Published Jul 21, 2024, 12:50 PM IST
Highlights

ഇന്നത്തെ രക്ഷാദൗത്യം ആറ് മണിക്കൂർ പിന്നിട്ടു. തെരച്ചിൽ ​ഗം​ഗാവാലി പുഴയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം ​​ദിവസവും തുടരുന്നു.  രക്ഷാപ്രവർത്തനം ആറാം മണിക്കൂറും പിന്നിട്ട് സജീവമായി തുടരുമ്പോഴും ശുഭവാർത്തകളൊന്നും തന്നെ പുറത്ത് വരുന്നില്ല. ഇന്നലെ ലോറിയുണ്ടെന്ന് റഡാറിൽ സൂചന ലഭിച്ചതിനെ തുടർന്ന് ആ സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒന്നും തന്നെ ഇവിടെ നിന്ന്  കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതുവരെ മണ്ണ് മാറ്റിനടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

ഇന്നത്തെ രക്ഷാദൗത്യം തെരച്ചിൽ ​ഗം​ഗാവാലി പുഴയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ഷിരൂരിൽ മഴ പെയ്യാൻ തുടങ്ങിയിട്ടുണ്ട്. റഡാറിൽ ലോഹഭാ​ഗം തെളിഞ്ഞ സ്ഥലത്താണ് മണ്ണ് മാറ്റി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി സൈന്യം ഇന്ന് 11 മണിയോടെ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ സൈന്യം 2 മണിയോടെ ഷിരൂരിലെത്തുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ബെല​ഗാവിയിൽ നിന്നാണ് 40 അം​ഗ സംഘം എത്തുന്നത്. അവിടെ കനത്ത മഴയായതിനാലാണ് സൈന്യത്തിന്റെ എത്തിച്ചേരൽ വൈകുന്നത്. അത്യാധുനിക ഉപകരണങ്ങളോടെയാണ് സൈന്യം എത്തുന്നത്.

Latest Videos

അതേ സമയം, രക്ഷാപ്രവർത്തനത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിനെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. കർണാടക സർക്കാരിൻ്റെ ഇടപെടൽ കാര്യക്ഷമല്ലെന്നും ആക്ഷേപമുണ്ട്. അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടും കത്ത് നൽകിയിരിക്കുകയാണ്. 

 

 


 

click me!