പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ, പാർട്ടി തീരുമാനം അറിയിച്ചു, നിധിൻ കണിച്ചേരി സരിന്‍റെ വീട്ടിലെത്തി

By Web Team  |  First Published Oct 18, 2024, 10:33 AM IST

പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി സരിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനം അറിയിച്ചു.


പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്. മത്സരിക്കാനുള്ള സന്നദ്ധത സരിൻ നിധിൻ കണിച്ചേരിയെ അറിയിച്ചതായാണ് വിവരം.

തന്‍റെ അയല്‍ക്കാരനാണ് സരിനെന്നും കൂടിക്കാഴ്ചയിൽ മറ്റുകാര്യങ്ങളൊന്നുമില്ലെന്നുമാണ് നിധിൻ കണിച്ചേരി മാധ്യമങ്ങളോട് പ്രതികരിച്ചതെങ്കിലും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഉപതെരഞ്ഞെടുപ്പുകളിലേക്കുളള ഇടത് സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ട് ഏഴിന് പ്രഖാപിക്കുമെന്ന് എ.കെ ബാലൻ പറഞ്ഞു.

Latest Videos

കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുക. കോൺഗ്രസ് വിട്ട ഡോ. സരിൻ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങൾ അത് ചർച്ച ചെയ്യും. പാലക്കാട്‌ കോൺഗ്രസ്‌ -ബിജെപി ഡീലുണ്ടെന്നും എ.കെ ബാലൻ ആരോപിച്ചു. വടകരയിൽ ഈ ഡീൽ നടത്തി. ബിജെപിക്കാർ ഷാഫിക്ക് വോട്ട് കൊടുത്തു, പാലക്കാട്‌ തിരിച്ച് വോട്ട് മറിക്കും.  ഈ ഡീൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എ.കെ ബാലൻ ആരോപിച്ചു.   

സിപിഎം ആവശ്യപ്പെട്ടാൽ പാര്‍ട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ് ഡോ. പി സരിൻ നേരത്തെ പ്രതികരിച്ചത്. പാലക്കാട് കഴിഞ്ഞ രണ്ടു ദിവസമായി ബിജെപി. ചിത്രത്തിൽ തന്നെയില്ല. എങ്ങനെയാണ് ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് എന്നതിൽ സിപിഎം കാണിക്കുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാണ്. പൊതുവേദികളിൽ പി സരിനെക്കുറിച്ച് നേതാക്കള്‍ നടത്തുന്ന ഓരോ പരാമര്‍ശവും യുഡിഎഫിന് വോട്ട് കുറക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി സരിൻ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്‍റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞത്.

പെട്ടികളിൽ പണം നിറക്കുന്ന ആളാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലെന്നും പി  സരിൻ ആരോപിച്ചു. കൊണ്ടുവന്ന പെട്ടികൾ നവംബർ 23 കഴിഞ്ഞാൽ അതുപോലെ തിരികെ കൊണ്ടുപോകാം. പാലക്കാട്  മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ വേണോ സ്വതന്ത്രനാവണോയെന്നൊക്കെ ഇടത് നേതാക്കൾ തീരുമാനിക്കട്ടെയെന്നും പി സരിൻ പറഞ്ഞു. സിപിഎം ആവശ്യപെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും സഖാവേ എന്ന വിളിയും ഏറെ സന്തോഷത്തോടെ  സ്വീകരിക്കുമെന്നും പി സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'10 മാസമായി സമാധാനമായി ഉറങ്ങിയിട്ട്, തെറ്റ് ചെയ്യാതെ കുറ്റക്കാരിയാക്കി': സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

 

click me!