തന്റെ മനസ് ശൂന്യമെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർ ഒടുവിൽ പ്രതികരിച്ചത്
പാലക്കാട്: ബിജെപി നേതൃത്വവുമായി ഭിന്നതയിലായ സന്ദീപ് വാര്യർ പാർട്ടിയിൽ തുടരുന്നത് സംബന്ധിച്ച നിലപാട് ഇന്ന് വ്യക്തമാക്കും. സന്ദീപ് പാർട്ടി വിടില്ല എന്നാണ് സൂചന. പ്രശ്നപരിഹാരത്തിന് ആർഎസ്എസ് നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇന്നലെ ആർഎസ്എസ് നേതാവ് എ ജയകുമാർ അടക്കമുള്ളവർ സന്ദീപ് വാര്യരെ വീട്ടിലെത്തി കണ്ടിരുന്നു.
ആർഎസ്എസ് നടത്തുന്ന അനുനയനീക്കത്തിൽ ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. തന്റെ മനസ് ശൂന്യമെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർ ഒടുവിൽ പ്രതികരിച്ചത്. സന്ദീപിനെ അനുനയിപ്പിക്കാൻ വീട്ടിലെത്തിയ ആർഎസ്എസ് വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ, ബിജെപി നേതാവ് പി.ആർ ശിവശങ്കർ എന്നിവരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ സ്വാഗതം ചെയ്ത സിപിഎം നേതാക്കളോട് സ്‍നേഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
undefined
സന്ദീപ് വാര്യരുടെ വീട്ടിലെത്തിയ എ ജയകുമാറും പി.ആർ ശിവശങ്കറും അടച്ചിട്ട മുറിയിൽ സന്ദീപുമായി ചർച്ച നടത്തി. പാർട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയതെങ്കിലും ചർച്ചയിൽ സന്ദീപിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. നിലപാടിൽ മാറ്റമില്ലെന്ന് സന്ദീപ് ഇവരെ അറിയിച്ചതായാണ് സൂചന. ജയകുമാർ തനിക്ക് ഗുരുതുല്യനാണെന്നും കാര്യങ്ങൾ അദ്ദേഹത്തോട് തുറന്ന് പറഞ്ഞുവെന്നും സന്ദീപ് പറഞ്ഞു. കെ സുരേന്ദ്രൻ സംസാരിച്ചിരുന്നെങ്കിൽ കൂടൂതൽ സന്തോഷമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇതിനിടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി വെച്ച പശ്ചാത്തലത്തിൽ പ്രചാരണ പരിപാടികളിൽ പുനക്രമീകരണം നടത്താനും പാർട്ടികൾ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടികൾ സിപിഎം മാറ്റിയിട്ടുണ്ട്. നേരത്തെ 6, 7 തീയതികളിൽ നിശ്ചയിച്ച പരിപാടി 16, 17 തീയതികളിലേക്കാണ് മാറ്റിയത്. യുഡിഎഫും തുടർ പരിപാടികൾ ആലോചിച്ച ശേഷം തീരുമാനിക്കും. ഓരോ ദിവസവും വിവിധ രാഷ്ട്രീയ നീക്കങ്ങൾ അരങ്ങേറുന്ന പാലക്കാട് തെരഞ്ഞെടുപ്പ് തീയതി നീട്ടിയത് മുന്നണികൾക്കും നിർണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം