അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

By Web Team  |  First Published Oct 2, 2024, 2:41 PM IST

പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്.


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ഒക്ടോബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.

പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്.  പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Latest Videos

ഇടിമിന്നൽ സാധ്യതയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിപ്പുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!