തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: പാലക്കാട് പൊലീസിൻ്റെ പാതിരാ പരിശോധനയിൽ സിപിഎമ്മിനും ബിജെപിക്കുമെതിരെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാന്തപുരം മുസ്‌ലിയാരെ കാണുന്നതിനായി താൻ കോഴിക്കോടേക്ക് വന്നിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. പൊലീസ് റെയ്‌ഡിൻ്റെ വിവരം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം തന്നെ വിളിച്ചറിയിച്ചത്. പിന്നീട് തനിക്കെതിരെ പരാതിയുണ്ടെന്ന് വാർത്ത കണ്ടപ്പോൾ പൊലീസിനെ ബന്ധപ്പെട്ടു. ആ വാർത്ത തെറ്റാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് റെയ്‌ഡിൽ സിപിഎം നേതാക്കളുടെ മുറി പരിശോധിച്ചുവെന്ന് ടിവി രാജേഷും ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചെന്ന് പ്രഫുൽ കൃഷ്ണയും പറഞ്ഞിട്ടുണ്ട്. പെരിന്തൽമണ്ണയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെപി മുസ്‌തഫയുടെ ഹോട്ടലാണ് കെപിഎം ഹോട്ടൽ. കോഴിക്കോടേക്ക് താൻ പോകുന്ന യാത്രയിൽ ദുരൂഹത ആരോപിക്കാതിരിക്കാനാണ് അതിൻ്റെ കാരണം താൻ പറഞ്ഞത്. ഡിവൈഎഫ്ഐക്കാരുടെ മുറി പരിശോധിച്ചതിൽ ബിജെപിക്കോ, ബിജെപി നേതാക്കളുടെ മുറി പരിശോധിച്ചതിൽ സിപിഎമ്മിനോ പ്രതിഷേധമില്ല. മുൻകൂട്ടി തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇരു കൂട്ടരും ഒരുമിച്ച് പ്രതിഷേധിച്ചത്. അടിമുടി ദുരൂഹതയാണ് റെയ്‌ഡിൽ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള നാടകമാണ് ഇത്. ഹോട്ടലിലെ സിസിടിവിയും പരിശോധിക്കട്ടെ. നിയമപരമായി നേരിടും. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ജനത്തെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.