സിപിഎമ്മിന്‍റെ ആട്ടും തുപ്പുമേറ്റു കഴിയുന്ന സിപിഐ ഇനിയെങ്കിലും അടിമ മനോഭാവം ഉപേക്ഷിക്കണം.
തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തിന് സി.പി.ഐയ്ക്ക് താല്പര്യമില്ലെന്ന സിപിഎം അവലോകന റിപ്പോർട്ടിലെ പരാമർശം സി.പി.ഐയോട് 1964 ലെ ഭിന്നിപ്പു മുതലുള്ള കുടിപ്പക ഇപ്പോഴുമുണ്ടെന്ന് വിളംബരം ചെയ്തിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു .കോൺഗ്രസ് ദാനം ചെയ്ത പി.കെ.വാസുദേവൻ നായരുടെ മുഖ്യമന്ത്രി സ്ഥാനം 1979 ൽ ഇടതുപക്ഷ ഐക്യത്തിനു വേണ്ടി സി.പി.ഐ ബലിയർപ്പിച്ചു. അതിനു ശേഷം സി.പി.എം. പറമ്പിലെ കുടികിടപ്പുകാർ മാത്രമാണ് സി.പി.ഐക്കാർ. കുടിയാനോടുള്ള ജന്മിയുടെ പഴയ മനോഭാവമാണ് സി.പി.എം ഇപ്പോഴും അവരോട് പുലർത്തുന്നത്. കേരളം കഴിഞ്ഞാൽ സി.പി.എം നേക്കാൾ ശക്തിയുള്ള പാർട്ടിയായ സി.പി.ഐ യെയാണ് സി.പി.എം അവലോകന റിപ്പോർട്ടിലൂടെ അധിക്ഷേപിക്കുന്നത്.
സി.പി.ഐയിലെ അച്ചുത മേനോനും പി കെ വിയും മുഖ്യമന്ത്രിമാരായിരുന്ന കോൺഗ്രസുമായി സഖ്യമുണ്ടായിരുന്ന 1969 മുതൽ 79 വരെയുള്ള സുവർണ്ണകാലം ബിനോയ് വിശ്വത്തിന് അയവിറക്കാനേ കഴിയൂ. സി.പിഎമ്മിന്‍റെ ആട്ടും തുപ്പുമേറ്റു കഴിയുന്ന സിപിഐ ഇനിയെങ്കിലും അടിമ മനോഭാവം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.