'വി ഗ്രൂപ്പ്‌ വെട്ടുകിളിക്കൂട്ടത്തിന്റെ മൊഴിമുത്തുകള്‍'; ഹനാന് പിന്തുണയുമായി പി വി അന്‍വര്‍

By Web Team  |  First Published May 17, 2020, 10:12 PM IST

ഹനാന്‍, എന്‍റെ ടിക് ടോക് രാഷ്ട്രീയം എന്ന പേരില്‍ ചെയ്ത വീഡിയോയ്ക്കെതിരെയാണ് കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം നടന്നത്. ഹനാന്റെ പേജിലെ വി ഗ്രൂപ്പ്‌ വെട്ടുകിളിക്കൂട്ടത്തിന്റെ മൊഴുമുത്തുകളിൽ ചിലതെന്ന് കുറിച്ച അന്‍വര്‍ ചില അധിക്ഷേപ കമന്‍റുകളും പങ്കുവെച്ചു


നിലമ്പൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന് സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന ഹനാന്‍ ഹനാനിക്ക് പിന്തുണയുമായി പി വി അന്‍വര്‍ എംഎല്‍എ. റോഡരികില്‍ സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത പെണ്‍കുട്ടിയാണ് ഹനാന്‍.

ഹനാന്‍, എന്‍റെ ടിക് ടോക് രാഷ്ട്രീയം എന്ന പേരില്‍ ചെയ്ത വീഡിയോയ്ക്കെതിരെയാണ് കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം നടന്നത്. ഹനാന്റെ പേജിലെ വി ഗ്രൂപ്പ്‌ വെട്ടുകിളിക്കൂട്ടത്തിന്റെ മൊഴിമുത്തുകളിൽ ചിലതെന്ന് കുറിച്ച അന്‍വര്‍ ചില അധിക്ഷേപ കമന്‍റുകളും പങ്കുവെച്ചു.

Latest Videos

undefined

''ആരെങ്കിലും ഉള്ള കാര്യം പറഞ്ഞ്‌ പോയാൽ പിന്നെ തെറിവിളിയും കൂവി തോൽപ്പിക്കലുമാണ് മെയിൻ! ജീവിക്കാൻ വേണ്ടി ഒരു തൊഴിൽ എടുക്കുന്നെങ്കിൽ, അത്‌ മീൻ വിൽപ്പനയാണെങ്കിലും അതിലും ഒരു അന്തസുണ്ടെന്നും'' അന്‍വര്‍ പറഞ്ഞു. നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരു മലയാളിയുടെയും മനസില്‍ മുഖ്യമന്ത്രിയെ കുറിച്ചും ഈ സർക്കാരിനെ കുറിച്ചും ഉണ്ടായിട്ടുള്ള ചിന്തയാണു പ്രതിപക്ഷത്തെ വിറളിപിടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ... അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം'. ഇങ്ങനെയാണ് ഹനാൻ ആദ്യ വീഡിയോയിൽ പറഞ്ഞത്‌. ഈ വീഡിയോ ഫേസ്ബുക്കിലെ തന്‍റെ പേജിലൂടെ ഹനാന്‍ പങ്കുവെച്ചതോടെ അധിക്ഷേപ കമന്‍റുകള്‍ നിറഞ്ഞു. പ്രധാനമായും ഹനാന്‍റെ ബുദ്ധിമുട്ടികള്‍ ചര്‍ച്ചയായ സമയത്ത് പ്രതിപക്ഷ നേതാവ് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

പിണറായിയുടെ മാസ് ഡയലോഗുമായി സൈബര്‍ ആക്രമണങ്ങള്‍ക്ക് ഹനാന്‍റെ മറുപടി

അങ്ങനെ ലഭിച്ച വീട്ടിലിരുന്ന് വീഡിയോ ചെയ്യുന്നുവെന്നും കമന്‍റുകള്‍ വന്നു. ഇതിനിടെ എന്‍റെ ടിക് ടോക് രാഷ്ട്രീയം പാര്‍ട്ട് 2 എന്ന പേരില്‍ പുതിയ വീഡിയോയാണ് ഹനാന്‍ പങ്കുവെച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഒരു പ്രതികരണമാണ് ഹനാന്‍ രണ്ടാമത്തെ വീഡിയോയില്‍ ചെയ്തിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വാഗ്ദാനം താന്‍ സ്നേഹത്തോടെ നിരസിക്കുകയായിരുന്നുവെന്ന് ഹനാന്‍ വ്യക്തമാക്കി. പഠിച്ച് നല്ല നിലയില്‍ എത്തുമ്പോള്‍ ഒരു വീട് വയ്ക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഹനാന്‍ പറഞ്ഞു. ഒരു സാധാരണക്കാരി എന്ന നിലയില്‍ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് യോജിക്കാം അല്ലെങ്കില്‍ വിയോജിക്കാമെന്നും ഹനാന്‍ വീഡിയോയില്‍ പറഞ്ഞു. 

 

click me!