ഇടിച്ചത് വെള്ള സ്വിഫ്റ്റ് കാർ; കവർച്ച സംഘമെത്തിയത് മുഖം മറയ്ക്കാതെ, ഓടി വന്നപ്പോൾ രക്ഷിക്കാനെന്ന് കരുതി: ബൈജു

By Web Team  |  First Published Nov 28, 2024, 7:49 AM IST

സ്വർണ്ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിന്റെ പക്കൽ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വർണ്ണം കവർച്ച ചെയ്തത്. 


കോഴിക്കോട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വർണം കവർന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കോഴിക്കോട് കൊടുവള്ളിയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. സ്വർണ്ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിന്റെ പക്കൽ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വർണ്ണം കവർച്ച ചെയ്തത്. 

രാത്രി കടയടച്ച ശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം വാഹനത്തിലിടിച്ച് വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ബൈജുവിന്റെ പരാതി. റോഡിൽ തെറിച്ച് വീണ ബൈജുവിന്റെ ബാഗിൽ ഉണ്ടായിരുന്ന സ്വർണവുമായി സംഘം കടന്ന് കളയുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ച ബൈജുവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. അപകടത്തിൽ ബൈജുവിന് പരിക്കേറ്റിട്ടുണ്ട്. വെളുത്ത സ്വിഫ്റ്റ് കാറിൽ എത്തിയവരാണ് തന്നെ ഇടിച്ചുവീഴ്ത്തി സ്വർണം കവർന്നതെന്ന് ബൈജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Latest Videos

കവർച്ചാ സംഘത്തെ കണ്ടാൽ തിരിച്ചറിയാനാകും. ജീവൻ തിരിച്ചുകിട്ടയത് ഭാഗ്യമെന്നും ബൈജു പറഞ്ഞു. ബൈജുവിന്‍റെ വീടിന് 150 മീറ്റർ മാത്രം അകലെവെച്ചാണ് സംഭവം നടന്നത്. മോഷ്ടാക്കളെ കണ്ടാൽ തിരിച്ചറിയാനാകുമെന്ന് ബൈജു കൂട്ടിച്ചേര്‍ത്തു. മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും ബൈജു ആവശ്യപ്പെട്ടു. പ്രതികൾക്കായി ഊർജ്ജിത അന്വേഷണം നടത്തിവരുന്നതായി കൊടുവള്ളി പൊലീസ് പറഞ്ഞു. പ്രദേശത്ത് വാഹന പരിശോധന പൊലീസ് ശക്തമാക്കി.

click me!