വി ഡി സതീശനെതിരെ പി വി അൻവർ; 'സതീശൻ വിഡ്ഢികളുടെ ലോകത്തോ? കോൺഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റ്'

By Web TeamFirst Published Oct 21, 2024, 5:12 PM IST
Highlights

പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ വിമര്‍ശത്തിന് മുറപടിയുമായി പിവി അൻവര്‍. വിഡ്ഢികളുടെ ലോകത്താണോ സതീശനെന്ന് അന്‍വര്‍ ചോദിച്ചു.

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍. വിഡ്ഢികളുടെ ലോകത്താണോ സതീശനെന്ന് അന്‍വര്‍ ചോദിച്ചു. തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്‍റെ ശ്രമം. കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചിലരുടെ മാത്രമം തീരുമാനം ആണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് മനസിലായി. ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട്‌ ബിജെപി ജയിച്ചു എന്ന് വരുത്താൻ ആരും ശ്രമിക്കണ്ട. പാലക്കാട്‌ കോൺഗ്രസിലെയും സിപിഎമ്മിലെയും വലിയൊരു വോട്ട് ബിജെപിക്ക് പോകുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസിനെ പോലെ പിണറായിസത്തെയും എതിർക്കണമെന്നും അന്‍വര്‍ പറഞ്ഞു. 

Latest Videos

പാലക്കാട് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനമെടുക്കും. ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. ചേലക്കരയിലെ കോൺഗ്രസുകാർ തന്നെയാണ് രമ്യയെ എതിർക്കുന്നത്. ചേലക്കരയിൽ കമ്മ്യൂണിറ്റി വോട്ടും വാങ്ങി ചിലർ മുഖത്തും ചുണ്ടിലും ചായം പൂശി നടക്കുകയാണ്. പാവപ്പെട്ടവരെ കുറിച്ചു ഒരു ചിന്തയും ഇല്ലാത്തവർ. ചേലക്കരയില്‍‍ എൻ കെ സുധീറിന് ജനങ്ങള്‍ വോട്ട് ചെയ്യും. അതിന് സതീശന്‍ എന്‍റെ നെഞ്ചത്ത് കയറേണ്ടെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

Also Read: അൻവർ സ്ഥാനാർത്ഥികളെ സൗകര്യമുണ്ടെങ്കിൽ പിന്‍വലിച്ചാൽ മതിയെന്ന് സതീശൻ, വാതില്‍ അടഞ്ഞിട്ടില്ലെന്ന് സുധാകരൻ

പിവി അൻവറിന്‍റെ പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളുമായി കോൺഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിനാണ് അന്‍വറിന്‍റെ മറുപടി. അൻവറിനായുള്ള വാതിൽ  അടഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരൻ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോല്‍ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതിയെന്നും അൻവറിന്‍റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശൻ തുറന്നടിച്ചിരുന്നു.

click me!