'സാബുവിന്റെ അധിക്ഷേപ പ്രസംഗം പൊതുസമൂഹത്തോടുള്ള വെല്ലുവിളി'; പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്‌ഐ

By Web TeamFirst Published Jan 26, 2024, 2:10 PM IST
Highlights

അധിക്ഷേപം നടത്തിയ സാബു.എം. ജേക്കബിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

തിരുവനന്തപുരം: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെതിരെ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് നടത്തിയ ജാതീയ അധിക്ഷേപത്തില്‍ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. കോലഞ്ചേരി സമ്മേളനത്തിലെ പ്രസംഗത്തില്‍ സാബു എം ജേക്കബ് നടത്തിയത് ഹീനമായ ജാതിയ വിദ്വേഷവും അധിക്ഷേപവുമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കെതിരായ തെരുവ് മാടമ്പിയുടെ ഭാഷയിലെ സാബു എം ജേക്കബിന്റെ അധിക്ഷേപ പ്രസംഗം പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.  

എം.എല്‍എയെ നികൃഷ്ടമായ ഭാഷയില്‍ ജന്തു എന്ന് വിളിച്ച് അധിക്ഷേപിച്ചതും പരിഹസിച്ചതും സാബു എം ജേക്കബിന്റെ മനസില്‍ കുമിഞ്ഞു കൂടിയ ജാതീയ ചിന്തകള്‍ അല്ലാതെ മറ്റൊന്നുമല്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. 'കോടികള്‍ പണമൊഴുക്കി ട്വന്റി ട്വന്റി പോലൊരു അരാഷ്ട്രീയ കൂട്ടത്തിന്റെ നേതാവായി സ്വയം അമര്‍ന്നിരിക്കുന്ന സാബു എം ജേക്കബിന്റെ പണത്തിന്റെ ഹുങ്ക് ജനാധിപത്യ കേരളത്തിലെ ജനപ്രതിനിധികളുടെ മേലേക്ക് തീര്‍ക്കാന്‍ നിന്നാല്‍ കേരളത്തിന്റെ പൊതു സമൂഹം അത് കൈയ്യും കെട്ടി കേട്ട് നില്‍ക്കുമെന്ന് കരുതരുത്. മൈക്ക് മുന്നില്‍ കാണുമ്പോള്‍ ഇനിയും വിട്ടുമാറാത്ത സവര്‍ണ്ണ ഫ്യൂഡല്‍ ബോധങ്ങള്‍ തികട്ടി വരുന്നുണ്ടെങ്കില്‍ അതിനുള്ള മരുന്നും സാംസ്‌കാരിക കേരളത്തിന് സ്വന്തമായുണ്ട്.' ഹീനമായ അധിക്ഷേപം നടത്തിയ സാബു.എം. ജേക്കബിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Latest Videos

'കോണ്‍ഗ്രസ് ആണോ, ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല...'; മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടെന്ന് സുധാകരന്‍ 

 

click me!