തിരുവനന്തപുരം വിമാനത്താവള വികസനത്തിന് അദാനി ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതി. 2027ഓടെ നിര്‍മാണം പൂര്‍ത്തിയാകും.
തിരുവനന്തപുരം: വമ്പന്‍ വികസനത്തിനൊരുങ്ങി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. മൂന്നുവര്‍ഷത്തിനുള്ളില്‍ വിമാനത്താവളത്തിൽ 1500 കോടിയുടെ വികസനപ്രവര്‍ത്തനങ്ങൾ നടപ്പാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നതെന്നും രൂപരേഖ തയാറായിക്കഴിഞ്ഞുവെന്നും അദാനി എയർപോർട്ട് ഹോൾഡിങ് ഗ്രൂപ് ഡയറക്ടർ ജീത് അദാനി അറിയിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന വിമാനത്താവള വികസന കോണ്‍ക്ലേവിലാണ് അദാനി ഗ്രൂപ് രൂപരേഖയുടെ പ്രഖ്യാപനമുണ്ടായത്. പദ്ധതി 'പ്രോജക്ട് അനന്ത' എന്ന പേരിലാണ് അറിയപ്പെടുക.
ചാക്കയിലെ നിലവിലെ രണ്ടാം ടെര്‍മിനലിനോടുചേര്‍ന്നാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. അത്യാധുനിക ടെര്‍മിനല്‍ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ വാസ്തുമാതൃകകളെ അനുകരിച്ചാണ് നിര്‍മിക്കുക. 1,65,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ പ്രതിവര്‍ഷം 12 മില്യന്‍ യാത്രക്കാരെ ഉള്‍ക്കാള്ളാന്‍ കഴിയുന്ന മള്‍ട്ടി ലെവല്‍ ഇന്റിഗ്രേറ്റഡ് ടെര്‍മിനലാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
ഹോട്ടല്‍, ഫുഡ് കോര്‍ട്ട്, പർച്ചേസിങ് ഏരിയ, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് എന്നിവ ഉൾപ്പെടും. നിര്‍മാണത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നുള്ള അനുമതി ലഭിച്ചു. നിലവിലെ ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായശേഷം ശംഖുംമുഖത്തുള്ള ആഭ്യന്തര ടെര്‍മിനലിന്റെ നവീകരണവും നടക്കും. വികസനത്തോടെ 1.2 യാത്രക്കാരെ കൈകാര്യം ചെയ്യാം. 2027ൽ പദ്ധതി പൂർത്തിയാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഫ്ലൈറ്റ് ബേകളുടെ എണ്ണം എട്ടിൽ നിന്ന് 19 ആയി ഉയരും.