ദില്ലി:അദാനിക്ക് മേൽ കുരുക്ക് മുറുക്കി അമേരിക്ക. ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ വൈദ്യുതി കരാർ ലഭിക്കാൻ 2200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടി. അദാനി ഗ്രൂപ്പിന്റെ സ്ഥാപകൻ ഗൗതം അദാനിക്കും അനന്തരവനും അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗർ അദാനിക്കും എസ്ഇസി ചോദ്യം ചെയ്യലിന് നോട്ടീസയച്ചതായി വാർത്താ എജൻസിയാണ് റിപ്പോർട്ട് ചെയ്തത്. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. നടപടിയോട് അദാനിഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
കേസിൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ ഇരുവരും അടക്കം 8 പേർക്കെതിരെ യുഎസിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. അതേസമയം മഹാരാഷ്ട്രയിലെ തോല്വി കാര്യമാക്കാതെ നാളെ തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലുടനീളം കേന്ദ്രസർക്കാറിനെതിരെ കോൺഗ്രസ് വിഷയം ആയുധമാക്കും. നിലവിൽ രാഹുൽ ഗാന്ധി മാത്രാമാണ് വിഷയം സജീവമായി ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ മറ്റു പാർട്ടികളോടും വിഷയത്തിൽ പിന്തുണ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുമായടക്കം അദാനി കരാറുകളിലേർപ്പെട്ടിട്ടുണ്ടെന്നും, അഴിമതിക്കാരനെങ്കിൽ എന്തിന് കരാറിലേർപ്പെട്ടെന്നുമാണ് ബിജെപിയുടെ ചോദ്യം. വിദേശ ശക്തികളുടെ നിർദേശമനുസരിച്ചാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. ഈ വാദത്തിലൂന്നിയായിരിക്കും ബിജെപി പ്രതിരോധം.