ചികിത്സാ പിഴവിന് പഴി മാധ്യമങ്ങൾക്ക്! അസാധാരണ നീക്കവുമായി കോഴിക്കോട് മെഡി.കോളേജിലെ ഭരണാനുകൂല സംഘടന

By Web TeamFirst Published Jun 2, 2024, 10:18 AM IST
Highlights

മാധ്യമ വാർത്തകൾക്കെതിരെ തിങ്കളാഴ്ച മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രകടനവും ധാരണയും നടത്താനാണ് എൻജിഒ യൂണിയന്‍റെ തീരുമാനം. ആരോഗ്യ വകുപ്പിലെ ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശാനുസരണമാണ് ഇത്തരമൊരു നീക്കം എന്നതാണ് ഏറെ വിചിത്രം

കോഴിക്കോട്: മാധ്യമ വാർത്തകൾക്കെതിരെ ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം ഒരുങ്ങുന്നു. ചികിത്സാ പിഴവുൾപ്പെടെ പരാതികൾ പെരുകുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിനുള്ള പുതിയ നീക്കം. എൻജിഒ യൂണിയൻ നേതൃത്വത്തിലുള്ള സമരത്തിൽ മെഡിക്കൽ കോളേജ് അധ്യാപകരെയും രംഗത്തിറക്കാൻ ശ്രമം ഉണ്ടെങ്കിലും സമരത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അധ്യാപകർ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഐസിയുവിൽ വച്ച് രോഗി പീഡനത്തിന് ഇരയാവുക, നാലു വയസ്സുകാരിയുടെ കൈവിരലിൽ ചെയ്യേണ്ട ശസ്ത്രക്രിയ നാവിൽ ചെയ്യുക, ശസ്ത്രക്രിയ ഉപകരണം വയറ്റിൽ മറന്നു വയ്ക്കുക എന്നിങ്ങനെ കേരളത്തിൻറെ ആരോഗ്യം മേഖലയ്ക്ക് ആകെ നാണക്കേടായി മാറിയ സംഭവങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നതോടെ ആയിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞത്. ഇരകളായവർ മാധ്യമങ്ങളിലൂടെ പറഞ്ഞത് അത്രയും നാട്ടിൽ ചർച്ചയായി.

Latest Videos

ഡോക്ടർമാർ ഉൾപ്പെടെ പ്രതികളായ ഹർഷിന കേസിൽ കുന്ദമംഗലം കോടതി വിചാരണ തുടങ്ങാൻ ഇരിക്കുകയാണ്. ഐസിയു പീഡന കേസിലും നാലു വയസ്സുകാരുടെ ചികിത്സാ പിഴവിന്റെ കേസിലും പൊലീസ് അന്വേഷണവും നടക്കുകയുമാണ്. കാര്യങ്ങൾ ഇങ്ങനെയെല്ലാം ആണെങ്കിലും ഇതെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജിനെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത ശ്രമം എന്ന വ്യാഖ്യാനവുമായാണ് ഭരണാനുകൂല സംഘടന നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ സമരത്തിന് ഒരുങ്ങുന്നത്. 

ആരോഗ്യ വകുപ്പിലെ ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശാനുസരണമാണ് ഇത്തരമൊരു നീക്കം എന്നതാണ് ഏറെ വിചിത്രം. ഐസിയു പീഡനക്കേസിൽ അതിജീവിതയെ മൊഴിമാറ്റാൻ ശ്രമിച്ചവരെ സംരക്ഷിക്കാൻ ഇറങ്ങിയവരും നഴ്സ് അനിതയെ സ്ഥലം മാറ്റാൻ നീക്കം നടത്തിയവരുമെല്ലാം സമരത്തിന്‍റെ നേതൃത്വത്തിലുണ്ട്. മെഡിക്കൽ കോളേജ് അധ്യാപകരെയും സമരത്തിന്‍റെ ഭാഗമാകണം എന്നാണ് മുകളിൽ നിന്നെത്തിയ നിർദ്ദേശമെങ്കിലും അധ്യാപക സംഘടനയായ കെജിഎംസിറ്റിഎ ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്.

സ്വതന്ത്ര നിലപാട് സ്വീകരിച്ച് പോകുന്ന അധ്യാപക സംഘടന ഭരണാനുകൂല യൂണിയനുമായി യോജിച്ച് ഇത്തരമൊരു സമരം നടത്തേണ്ടതുണ്ടോ എന്ന ചോദ്യമാണ് സംഘടനയ്ക്കുള്ളിൽ ഉള്ളത്. കഴിഞ്ഞദിവസം സംഘടനയുടെ ജനറൽബോഡി യോഗം ചേർന്നെങ്കിലും സമരത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വിഷയത്തിൽ തിങ്കളാഴ്ച മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രകടനവും ധാരണയും നടത്താനാണ് എൻജിഒ യൂണിയൻറെ തീരുമാനം.

'എക്സിറ്റ് പോള്‍ സംശയാസ്പദം, തയ്യാറാക്കിയവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം, ബിജെപി അക്കൗണ്ട് തുറക്കില്ല'; ഇപി ജയരാജൻ

 

click me!