ആദ്യം വീട്ടു മുറ്റത്ത് വെച്ചിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നു. എന്നാൽ അത് പരാജയപ്പെട്ടു. പിന്നീട് ഹോസ് മോഷണം പലവട്ടം.
ഇടുക്കി: മോഷണം കൊണ്ട് പൊറുതിമുട്ടി വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചപ്പോൾ അതും മോഷ്ടിച്ചു കൊണ്ടു പോയിരിക്കുകയാണ് കള്ളൻ. ക്യാമറ പോയെങ്കിലും അതിൽ പതിഞ്ഞ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ അതിലുള്ളതാവട്ടെ ഹെൽമറ്റും മഴക്കോട്ടും ധരിച്ച കള്ളന്റെ രൂപവും. പക്ഷേ ആളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്
ഇടുക്കി ഭൂമിയാംകുളം മൈലംപറമ്പിൽ അനീഷിനാണ് ഇങ്ങനൊരു അനുഭവമുണ്ടായത്. വീട്ടു പരിസരത്ത് നിന്നും സാധനങ്ങൾ കളവു പോകുന്നത് സ്ഥിരം സംഭവമാണ്. ഏതാനും മാസം മുൻപ് അനീഷിൻറെ വീട്ട്മുറ്റത്ത് വച്ചിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നു. മഴയിൽ പുല്ല് നനഞ്ഞ് കിടന്നിരുന്നതിനാൽ ബൈക്ക് മറിഞ്ഞു വീണു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് കള്ളൻ രക്ഷപെട്ടു. വീട്ടിലേക്ക് കുടിവെള്ളമെടുക്കുന്ന ഹോസ് മുറിച്ച് കൊണ്ടുപോവുന്നതും പതിവായിരുന്നു.
സഹികെട്ടാണ് സിസിടിവി കാമറ സ്ഥാപിച്ചത്. എന്നാൽ ദിവസങ്ങൾക്കകം ഈ ക്യാമറയും കള്ളൻ മോഷ്ടിച്ചു. ഹെൽമറ്റും മഴക്കോട്ടും ധരിച്ച് കള്ളൻ എത്തുന്ന ദൃശ്യങ്ങൾ ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
സംഭവം സംബന്ധിച്ച് അനീഷ് ഇടുക്കി പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ സംബന്ധിച്ച് ലഭിച്ച വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം