കുറഞ്ഞചെലവിൽ വൈദ്യുതി ഉത്പാദനം: തുടങ്ങാൻ തീരുമാനിക്കുമ്പോഴേ ചിലരുടെ എതിർപ്പ്, കുറ്റപ്പെടുത്തി വൈദ്യുതി മന്ത്രി

By Web TeamFirst Published Oct 25, 2024, 8:23 AM IST
Highlights

സംസ്ഥാനത്ത് ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനം മാത്രമാണിപ്പോൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത്. 3000 ടിഎംസി വെള്ളം സംസ്ഥാനത്തിനുണ്ട്.

ഇടുക്കി: സംസ്ഥാനത്ത് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ജല വൈദ്യുത പദ്ധതികൾ തുടങ്ങാൻ തീരുമാനമെടുക്കുമ്പോൾ തന്നെ ചിലർ ആവശ്യമില്ലാത്ത എതിർപ്പുയർത്തി തടസപ്പെടുത്തുകയാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ഇത്തരക്കാരുടെ എതിർപ്പ് മൂലം നിരവധി പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ നെടുങ്കണ്ടത്ത് കെഎസ്ഇബി നിർമ്മിച്ച മിനി വൈദ്യുതി ഭവന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനം മാത്രമാണിപ്പോൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നത്. 3000 ടിഎംസി വെള്ളം സംസ്ഥാനത്തിനുണ്ട്. എന്നാൽ, വൈദ്യുതിൽ ഉൽപ്പാദനത്തിനും ജലസേചനത്തിനുമായി 300 ടിഎംസി മാത്രമാണ് ഉപയോഗിക്കുന്നത്. ഇടുക്കി പദ്ധതിയിൽ ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ 35 പൈസ മാത്രമാണ് ചെലവ്. പീക്ക് അവേഴ്സിൽ യൂണിറ്റിന് പത്തു മുതൽ പതിനഞ്ചു രൂപ വരെ മുടക്കിയാണ് പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നത്. ഇതിന് പരിഹാരം കൂടുതൽ ജലവൈദ്യുത പദ്ധതികൾ തുടങ്ങുകയെന്നതാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി പറഞ്ഞു

Latest Videos

​ഇടുക്കിയിലെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാൻ 217 കോടിയുടെ പ്രത്യേക പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു. പ്രസരണ രംഗത്ത് 550 കോടിയുടെ പദ്ധതികൾ 2030 ന് മുൻപ് ഇടുക്കിയിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടം കല്ലാർ ഡാം പരിസരത്ത് രണ്ടു കോടി ഇരുപത് ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് വർഷം കൊണ്ടാണ് പുതിയ കെട്ടിടം പണിതത്. മൂന്ന് നിലകളിലായി 7800 ചതുരശ്രയടി വിസ്തീർണ്ണമുണ്ട്. നെടുങ്കണ്ടത്തും പരിസരത്തുമുള്ള അഞ്ച് ഓഫീസുകൾ ഈ കെട്ടിടത്തിലേക്ക് മാറ്റും.

മണ്ഡലകാലം: ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും, പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

tags
click me!