ലോക്ക്ഡൗണിൽ തനിച്ചായ വയോജനങ്ങള്‍ക്ക് കൂട്ടായി കേരളാ പൊലീസിന്റെ 'പ്രശാന്തി'

By Web Team  |  First Published Apr 25, 2020, 8:37 PM IST

ഒറ്റപ്പെടല്‍, ജീവിതശൈലി രോഗങ്ങള്‍, മരുന്നിന്‍റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 


തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് തനിച്ച് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തി എന്ന പേരില്‍ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബൈഹ്റ. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി.

ഒറ്റപ്പെടല്‍, ജീവിതശൈലി രോഗങ്ങള്‍, മരുന്നിന്‍റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുറത്തിറങ്ങുന്നതിനും യാത്രചെയ്യുന്നതിനും വയോജനങ്ങള്‍ക്ക് കര്‍ശന വിലക്കുളളതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹെല്‍പ് ആന്‍റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്ട്രെസ് സെന്‍ററില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest Videos

undefined

ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററും സജ്ജീകരിച്ചു (ഫോണ്‍ 9497900035, 9497900045). വയോജനങ്ങളുടെ പ്രശ്നങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ട് അനുയോജ്യമായ പരിഹാരം കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കിയ നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് കോള്‍ സെന്‍ററില്‍ നിയോഗിച്ചിരിക്കുന്നത്. ജനമൈത്രി നോഡല്‍ ഓഫീസറായ ഐജി എസ് ശ്രീജിത്തിനാണ് പരിശീലനത്തിന്‍റെ ചുമതല.

ജനമൈത്രി പൊലീസിന്‍റെ ഗൃഹ സന്ദര്‍ശങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇതിനുപുറമെയാണ് ലോക്ക്ഡൗൺ കാലത്ത് ഇവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസികാസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത്.

click me!