4725 പേരുടെ റാങ്ക് പട്ടികയുണ്ട്, ഒറ്റ ഒഴിവ് പോലും റിപ്പോർട്ട് ചെയ്തില്ല, എന്തുചെയ്യണമെന്നറിയാതെ ഉദ്യോ​ഗാർഥികൾ

By Web TeamFirst Published Sep 29, 2024, 9:40 AM IST
Highlights

നിലവിൽ ഒഴുവുകളില്ലെന്നാണ് പൊലിസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം. കഴിഞ്ഞ സിപിഒ റാങ്ക് പട്ടികയിൽ ഉള്‍പ്പെട്ടവർ സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളോളമാണ് സമരം നടത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി സിവിൽ പൊലിസ് ഓഫീസർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും ഒരു ഒഴിവുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയും മുൻകൂട്ടി ഒഴിവുകളിലേക്ക് നിയമനം നടത്തിയതുമാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. എസ്ഐമാരുടെയും വനിതാ സിവിൽ പൊലിസ് ഓഫീസർമാരുടെയും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സമാനമായ രീതിയിൽ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഏഴു ബറ്റാലിനുകളിലായി നിയമനത്തിനുവേണ്ടി എഴുത്തു പരീക്ഷയും കായിക പരീക്ഷയും നടത്തിയ പ്രസിദ്ധീകരിച്ച പട്ടികയിൽ 4725 ഉദ്യോഗാർത്ഥികളുണ്ട്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് ആറുമാസം പിന്നിടുന്നു. പക്ഷെ ഒരു ഒഴിവുപോലും ഇതേവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്നും പ്രതീക്ഷിത ഒഴിവുകള്‍, അതായത് ഈ വർഷമുണ്ടാകുന്ന ഒഴിവുകള്‍ കൂടി മുൻകൂട്ടി കണക്കിലെടുത്ത് നിയമനം നൽകിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. സേനയിൽ അംഗബലം കൂട്ടണമെന്ന ഡിജിപിയുടെ ശുപാർശ സർക്കാരിന് മുന്നിലുണ്ട്. പക്ഷെ സാമ്പത്തിക പ്രതിസന്ധികാരണം ഈ ശുപാർശ ധനവകുപ്പ് തള്ളി. 

Latest Videos

അടുത്ത മെയ് മാസത്തിലാണ് പൊലിസിലെ സിവിൽ പൊലിസ് ഓഫീസർ തസ്തികളിയിൽ കൂട്ട വിരമിക്കൽ ഒഴിവുകള്‍ വരുന്നത്. അങ്ങനെ പ്രതീക്ഷിത ഒഴിവിലേക്ക് മുൻകൂട്ടി പരിശീലനം നൽകാനായി സർക്കാർ ഉത്തരവിറക്കിയാലെ ഈ പട്ടികയിൽ നിന്നും 1000 പേർക്കെങ്കിലും നിയമനം ലഭിക്കുകയുള്ളൂ. സിവിൽ പൊലിസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ മാത്രമല്ല എസ്.ഐ തസ്തികയിലേക്കും വനിതാ ബറ്റാലിയനിലേക്കും ഇതേ സ്ഥിതിയാണ്. എസ്ഐ തസ്തികയിലേക്ക് 694 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ചുമാസമായി പട്ടിക പ്രസിദ്ധീകരിച്ച് ഒരു ഒഴിവും റിപ്പോർട്ട് ചെയ്തിട്ടില്ല. 952 പേരുടെ പട്ടികയാണ് വനിതാ ബറ്റാലയിനുള്ളത്. 

Read More.... 5ാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

നിലവിൽ ഒഴുവുകളില്ലെന്നാണ് പൊലിസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം. കഴിഞ്ഞ സിപിഒ റാങ്ക് പട്ടികയിൽ ഉള്‍പ്പെട്ടവർ സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളോളമാണ് സമരം നടത്തിയത്. സമ്മർദ്ദത്തിലായതിനെ തുടർന്ന് പരമാവധിപ്പേരെ ആ പട്ടികയിൽ നിന്നും ഉള്‍പ്പെടുത്തിയിരുന്നു. ആ പ്രതിസന്ധി നിലനിൽക്കേയാണ് നിയമനം നടത്താൻ ഇപ്പോള്‍ കഴിയാത്ത പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചത്. അതുമാത്രമല്ല അടുത്ത റാങ്ക് പട്ടികയിലേക്കുള്ള എഴുത്തുപരീക്ഷയും ഇപ്പോള്‍ കഴിഞ്ഞിരിക്കുകയാണ്.

Asianet News Live

tags
click me!