കീം പരീക്ഷക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കൊവിഡ്; തലസ്ഥാനത്ത് ആശങ്ക

By Web Team  |  First Published Jul 21, 2020, 1:03 PM IST

പരീക്ഷ തീരുന്നത് വരെ രക്ഷിതാവ് പരീക്ഷ ഹാളിന് പുറത്തുണ്ടായിരുന്നു. സ്കൂള്‍ പരിസരത്ത് ഉണ്ടായിരുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. 


തിരുവനന്തപുരം: കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്കും പരീക്ഷക്കായി കുട്ടിയെ കൊണ്ടുവന്ന ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്ക. രോഗം ബാധിച്ച വിദ്യാർത്ഥി പരീക്ഷ എഴുതിയ ഹാളിലുണ്ടായിരുന്ന 20 വിദ്യാർത്ഥികളെയും ഇൻവിജിലേറ്റർമാരെയും നിരീക്ഷണത്തിലേക്ക് മാറ്റി.

ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തലസ്ഥാനത്ത് കീം പരീക്ഷ നടത്തുന്നതിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയാണ് ഉയർത്തിയിരുന്നത്.  പക്ഷെ സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുകയായിരുന്നു. പരീക്ഷ എഴുതിയവർക്കും വിദ്യാർത്ഥികളെ കൊണ്ടുവന്ന രക്ഷിതാവിനും ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. തൈക്കാട് ബിഎഡ് സെന്‍ററിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിയായ വിദ്യാർത്ഥിക്കും കരമന കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാർത്ഥിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പൊഴിയൂരിൽ നടത്തിയ റാൻഡം പരിശോധനയിലാണ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിക്കൊപ്പം ഹാളിൽ പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലേക്ക് മാറ്റി. നേരത്തെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്ന കരകുളം സ്വദേശി പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. ഇതിനിടെയാണ് കോട്ടൺഹിൽ സ്കൂളിൽ കുട്ടിയെ പരീക്ഷക്കായി കൊണ്ടുവന്ന മണക്കാട് സ്വദേശിയായ രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ ആശുപത്രിയിലെത്തണമെന്നും നിർദ്ദേശിച്ചു.

Latest Videos

click me!