പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കൊണ്ടുപോയത് നിധിപോലെ സൂക്ഷിക്കാൻ; ഗണേഷ് ജായെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

By Web TeamFirst Published Oct 20, 2024, 9:13 PM IST
Highlights

ക്ഷേത്രത്തിന്‍റെ സ്വത്ത് ആണെന്നറിഞ്ഞിട്ടും പാത്രം കൈവശം വെച്ചതിന് ഓസ്ട്രേലിയൻ പൗരത്വമുള്ള ഗണേഷ് ജായ്ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ്. 

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും പൂജക്കുപയോഗിക്കുന്ന പാത്രം കടത്തികൊണ്ടുപോയതിൽ ഓസ്ട്രേലിയൻ പൗരത്വമുള്ള ദമ്പതികള്‍ക്കെതിരെ മോഷണകുറ്റത്തിന് കേസെടുത്തില്ല. ക്ഷേത്ര ദർശനത്തിന് എത്തിയവർക്ക് മോഷ്ടിക്കണമെന്ന ഉദ്യേശമുണ്ടായിരുന്നില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഫോര്‍ട്ട് എസിപി പ്രസാദ് പറഞ്ഞു. എന്നാൽ, ക്ഷേത്ര സ്വത്താണെന്ന് അറിഞ്ഞിട്ടും കൈവശം വച്ച് ഉപയോഗിച്ചതിന് ഓസട്രേലിൻ പൗരത്വമുള്ള ഗണേഷ് ജായ്ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ക്ഷേത്രത്തിലെ മൊതലാണെന്ന് അറിഞ്ഞിട്ടും സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായി തെളിഞ്ഞതിനാലാണ് സെക്ഷൻ 314 വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് എസിപി പ്രസാദ് പറഞ്ഞു.


കഴിഞ്ഞ ഞായറാഴ്ചയാണ് ക്ഷേത്രത്തിൽ നിന്ന് ഓടിന്‍റെ തളിക കാണാതാകുന്നത്. എന്നാൽ, വെള്ളിയാഴ്ചയാണ് ക്ഷേത്രം അധികൃതർ പൊലീസിനെ വിവരം അറിയിച്ചത്. സിസിടിവി പരിശോധനയിലാണ് ക്ഷേത്ര ദർശനത്തിനെത്തിയ ഓസ്ട്രേയൻ പൗരത്വമുള്ള ഗണേഷ് ജാ പാത്രം പുറത്തേക്ക് കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയത്. ഗണേഷ് ജാക്കൊപ്പം ഭാര്യയും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. ഇവർ താമസിച്ച ഹോട്ടലിൽ നിന്നും വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. ഗുഡ്ഗാവിലെ ഒരു ഹോട്ടലിൽ വെച്ച് ഇവരെ പൊലീസ് കസ്റ്റഡിലെടുത്തു.

Latest Videos

തിരുവനന്തപുരത്ത് കൊണ്ട് വന്ന ചോദ്യം ചെയ്തപ്പോഴാണ് നാടകീയമായ മാറ്റങ്ങളുണ്ടായത്. അച്ഛന്‍റെ മരണത്തിന് ശേഷമുളള പൂജകള്‍ക്ക് വേണ്ടിയാണ് വിവിധ ക്ഷേത്രങ്ങള്‍ സന്ദർശിക്കാനായി വിദേശത്തുനിന്നും എത്തിയതെന്ന് ഗണേഷ് ജാ പൊലീസിനോട് പറഞ്ഞു. രാവിലെ അഞ്ചു മണിക്ക് ക്ഷേത്രത്തിലെത്തി വരിയിൽ നിന്നു. പ്രമേഹ രോഗിയായ തനിക്ക് ദേഹാസ്വസ്ഥമുണ്ടായപ്പോള്‍ കൈയിലുള്ള തട്ടിൽ വെച്ചിരുന്ന പൂജാസാധങ്ങള്‍ ഉള്‍പ്പടെ നിലത്ത് വീണു.

വരിയിൽ നിന്നൊരാള്‍ നിലത്തു നിന്നും പൂജാസാധനങ്ങളെല്ലാം എടുത്ത് ഓട്ടു പാത്രത്തിൽ വെച്ചാണ് നൽകിയത്. ക്ഷേത്ര ദർശനം കഴിഞ്ഞ മടങ്ങിയപ്പോഴും ആരും തടഞ്ഞില്ല. ക്ഷേത്രത്തിൽ നിന്നും ലഭിച്ചതിനാൽ നിധിപോലെ ഭദ്രമായി പാത്രം സൂക്ഷിക്കാൻ തീരുമാനിച്ചുവെന്നാണ് ഗണേഷ് ജായുടെ മൊഴി. ക്ഷേത്രത്തിന് പുറത്തുവന്ന ശേഷമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീകളോട് പാത്രം ലഭിച്ച കാര്യം പറയുന്നത്. മൂന്നു പേരെയും ചോദ്യം ചെയ്തതിൽ നിന്നും മോഷ്ടിക്കുകയെന്ന ഉദ്യേശമുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.

എന്നാൽ, ക്ഷേത്രമുതലാണെന്ന് അറിഞ്ഞിട്ടും പാത്രം കൈവശം വെച്ച് ഉപയോഗിച്ചത് ബിഎൻഎസ് 314 വകുപ്പ് പ്രകാരം ഗണേശ് ജായ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ഗണേഷിന്‍റെ പാസ്പോർട്ട് പൊലിസ് പിടിച്ചെടുത്തു. ഓസ്ട്രേലയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുകയാണ് ഗണേഷ ജായും ഭാര്യയും. തമിഴ്നാനാട്ടിൽ ക്ഷേത്ര ദർശനത്തിനായി എത്തിപ്പോള്‍ പണം വാങ്ങി ഒരാള്‍ കബളിപ്പിച്ചുവെന്നും ഗണേഷ് പൊലീസിനോട് പറഞ്ഞു. പാത്രം നൽകിയതിൽ ക്ഷേത്ര ജീവനക്കാർക്കൊന്നും പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവത്തിൽ കേസെടുക്കില്ല; 'മോഷ്ടിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല'

 

click me!