ആൻഡമാനിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടും, ശേഷം 'ദന' ചുഴലിക്കാറ്റും; കേരളത്തിന് ഭീഷണി ആകില്ല? തുലാ'വ‍ർഷം' തുടരും

By Web TeamFirst Published Oct 21, 2024, 1:29 AM IST
Highlights

ഇന്ന് 2 ജില്ലകളിൽ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. 'ദന' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ഭീഷണിയുയർത്തുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതുകൊണ്ടുതന്നെ കേരളത്തിന് 'ദന' വലിയ ഭീഷണി ഉയർത്തില്ലെന്നാണ് സൂചന. എന്നാൽ കേരളത്തിൽ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. അതിനിടെ കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴ സാധ്യത പ്രവചനം - യെല്ലോ അലർട്ട്

21/10/2024 & 22/10/2024 : പത്തനംതിട്ട, ഇടുക്കി
23/10/2024: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Latest Videos

കള്ളക്കടൽ ജാഗ്രതാ നിർദേശം - ഓറഞ്ച് അലർട്ട്

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.
കേരള തീരത്ത് ഇന്ന് (21/10/2024) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു.
തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

തോട്ടിൽ തേങ്ങ ആണെന്ന് കരുതി നോക്കി, പക്ഷെ നെടുമങ്ങാട് റബ്ബർ തൊഴിലാളി കണ്ടത് നിറയെ ചില്ലറ തുട്ടുകൾ! അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!