പത്മകുമാറും കുടുംബവും പിടിയിലായത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ; ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി

By Web TeamFirst Published Dec 1, 2023, 7:42 PM IST
Highlights

 കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥരിലൊരാൾ താക്കോൽ വാങ്ങി. പിന്നീട് മൽപിടുത്തത്തിനോ ചെറുത്തുനിൽപിനോ തയാറാകാതെ ഇയാൾ കീഴടങ്ങുകയായിരുന്നു. 

കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാറിനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ഇന്ന് രണ്ട് മണിയോടെയാണ്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്നലെ തന്നെ ലഭിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തമിഴ്നാട് തെങ്കാശിയിൽ പുളിയറ എന്ന സ്ഥലത്ത് വെച്ചാണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്. തെങ്കാശിയില്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്താണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്. പൊലീസെത്തിയപ്പോൾ രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ചു. കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥരിലൊരാൾ താക്കോൽ വാങ്ങി. പിന്നീട് മൽപിടുത്തത്തിനോ ചെറുത്തുനിൽപിനോ തയാറാകാതെ ഇയാൾ കീഴടങ്ങുകയായിരുന്നു. 

ഇയാൾക്കൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങൾ ഡിഐജിക്ക് അയച്ചു കൊടുത്ത് സ്ഥിരീകരണം തേടിയിരുന്നു. പ്രതികളാണെന്ന് ഉറപ്പിച്ചതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഇവരുടെ ചിറക്കരയിലെ ഫാം ഹൗസിൽ നിന്നാണ് പൊലീസിന് നമ്പർ പ്ലേറ്റുകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം ചാത്തന്നൂരിലെ വീട്ടിലെത്തിയെങ്കിലും ഇവർ അവിടെ ഉണ്ടായിരുന്നില്ല. സ്വിഫ്റ്റ് കാർ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇവർ ഇന്നലെയാണ് നീല കാറിൽ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടത്. രേഖാചിത്രവുമായി ബന്ധപ്പെട്ട് നാട്ടുകാർക്കിടയിലും പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയിരുന്നു. ഇവരെ ഉന്നത ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. 

Latest Videos

സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഏത് രീതിയിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് ഇവരെ എത്തിച്ചത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പത്മകുമാറിന്റേത് ഒറ്റപ്പെട്ട ജീവിതമെന്ന് പ്രദേശവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോടും സംസാരിക്കുകയോ സഹകരിക്കുകയോ ചെയ്യാറില്ല. കേബിൾ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യയാണ്. ഇവര്‍ക്ക് ജോലിയില്ല. ഇവർക്ക്  ഫാം ഉള്ളതായും നാട്ടുകാർ പറഞ്ഞു. ഇയാൾ രണ്ട് കാറുകളുണ്ട്.  

ഈ കാറാണോ, ആ കാര്‍? നി‍ര്‍ണായക ഉത്തരത്തിനായി ഏഷ്യാനെറ്റ് ന്യൂസ് ദൃശ്യം കുട്ടിയെ കാണിച്ച് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 


 

click me!