ഗവർണർക്കെതിരെ ആളെവിട്ടത് മുഖ്യമന്ത്രി തന്നെ; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമ കേസെടുക്കുമോ? ചോദ്യവുമായി സതീശൻ

By Web TeamFirst Published Dec 11, 2023, 7:56 PM IST
Highlights

നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ പാർട്ടി ഗുണ്ടകൾക്ക് ആഹ്വാനം നൽകിയ അതേ മുഖ്യമന്ത്രിയാണ് ഗവർണറെ കരിങ്കൊടി കാട്ടാനും ആളെ വിട്ടത്

തിരുവനന്തപുരം: എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ ഗവ‍ർണർ ഔദ്യോഗിക വാഹനത്തിൽ നിന്നും പുറത്തിറങ്ങി പ്രതികരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്ന് സതീശൻ ചൂണ്ടികാട്ടി. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ് എഫ് ഐ പ്രവർത്തകർ ഗവർണറെ തുടർച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. നവകേരള ബസിനെതിരെ കരിങ്കൊടി പ്രതിഷേധമടക്കം നടത്തിയവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, ഗവ‍ർണർക്കെതിരായ പ്രതിഷേധത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കരിങ്കൊടിയുമായി ചാടിവീണ് എസ്എഫ്ഐ; കാറിൽ നിന്ന് പുറത്തിറങ്ങി ഗവര്‍ണര്‍; തലസ്ഥാനത്ത് അസാധാരണ സംഭവങ്ങൾ

Latest Videos

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

തിരുവനന്തപുരം നഗരത്തിൽ വച്ച് ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ് എഫ്ഐ  പ്രവർത്തകർ ഗവർണറെ തുടർച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണ്. 

നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ പാർട്ടി ഗുണ്ടകൾക്ക് ആഹ്വാനം നൽകിയ അതേ മുഖ്യമന്ത്രിയാണ് ഗവർണറെ കരിങ്കൊടി കാട്ടാനും ആളെ വിട്ടത്. ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണ് മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ കാണിക്കുന്നത്. 

എസ് എഫ് ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി കരിങ്കൊടി കാണിക്കുമ്പോൾ ആരാണ് 'രക്ഷാപ്രവർത്തനം' നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണം. തൻ്റെ ഔദ്യോഗിക വാഹനത്തിൽ വന്ന് ഇടിച്ചെന്ന് ഗവർണർ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ് എഫ്ഐ  പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!