ഒരു മാസം, കേരളമാകെ ലഹരിക്കെതിരെ വലവിരിച്ച് ഓപ്പറേഷന്‍ ഡി ഹണ്ട്; 7038 കേസുകളും 7307 അറസ്റ്റും

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി പോലീസ് ആരംഭിച്ച ഓപ്പറേഷൻ ഡിഹണ്ട് ഒരു മാസം പിന്നിട്ടു. 

Operation D Hunt sweeps Kerala against drug  7038 cases and 7307 arrests

തിരുവനന്തപുരം: ലഹരിവസ്തുക്കളുടേയും എംഡിഎംഎ പോലുള്ള രാസലഹരി മരുന്നുകളുടെയും വിപണനവും ഉപയോഗവും തടയുന്നതിനും അതിലൂടെ ഉണ്ടാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സംസ്ഥാന പോലീസിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ഡിഹണ്ട് സ്പെഷ്യല്‍ ഡ്രൈവ് ഒരു മാസം പിന്നിടുന്നു. സംസ്ഥാനവ്യാപകമായി 70277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 7307 പേരെ അറസ്റ്റ് ചെയ്തു. ഈ കേസ്സുകളില്‍ മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (3.952  കി.ഗ്രാം), കഞ്ചാവ് (461.523  കി.ഗ്രാം), കഞ്ചാവ് ബീഡി (5132 എണ്ണം) എന്നീ ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ മാത്രം (മാര്‍ച്ച് 21) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2288 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 207 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 214 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (84.23 ഗ്രാം),  കഞ്ചാവ് (53.338  കി.ഗ്രാം), കഞ്ചാവ് ബീഡി (151 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Latest Videos

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡിഹണ്ട് വരും ദിവസങ്ങളിലും തുടരുന്നതാണ്.

ക്രമസമാധാന വിഭാഗം എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡിഹണ്ട് നടപ്പാക്കുന്നത്. ഈ സ്പെഷ്യല്‍ ഡ്രൈവ്  തുടങ്ങിയ ശേഷം ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. 

മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
vuukle one pixel image
click me!