ബെവ്കോ ആപ്പ് ഈ ആഴ്ച ഇല്ല; പുതിയ പേരിടാനും ആലോചന

By Web Team  |  First Published May 22, 2020, 5:20 PM IST

ഒരേ സമയം ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വരുന്നതിനാൽ ക്ഷമതാ പരിശോധന കർശനമായി നടത്തിയ ശേഷമായിരിക്കും അടുത്ത നടപടി. തിങ്കളാഴ്ചയോടെ നടപടി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ. 


തീരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനയക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന ബെവ്കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ല. ആപ്പിന്‍റെ പേര് ഇതിനകം പുറത്ത് വന്ന സ്ഥിതിക്ക് പുതിയ പേരിനെക്കുറിച്ചും സ്റ്റാർട്ടപ്പ് കമ്പിനി ആലോചിക്കുന്നുണ്ട്. പുറത്തിറക്കുന്ന തിയതിയും ഇപ്പോൾ പുറത്ത് വിടരുതെന്നും കമ്പിനിയോട് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

മദ്യം വാങ്ങാൻ ഓൺലൈൻ ടോക്കണിനുള്ള ആപ്പിൽ മൂന്നാംഘട്ട സുരക്ഷാപരിശോധന നടക്കുകയാണ്. ബെവ് ക്യൂ എന്ന പേര് ഇതിനകം പുറത്ത് വന്നതിൽ ആശങ്കയിലാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോൾ ടെക്നോളജിസ്. ഇതേ പേരിൽ പ്ലേ സ്റ്റോറിൽ ആരെങ്കിലും മറ്റൊരാപ്പ് അപ്ലോഡ് ചെയ്താൽ ബുദ്ധിമുട്ടാകും. ഈ പേരിൽ മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്തോയെന്ന് പരിശോധിക്കുന്നുണ്ട്. 

Latest Videos

undefined

ആപ്പ് പുറത്തിറക്കുന്ന തീയതി മൂൻകൂട്ടി പ്രഖ്യാപിച്ചാൽ ക്രാഷ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കമ്പിനി വിശദീകരിക്കുന്നു. ഇപ്പോഴുള്ള പരിശോധനകൾക്ക് ശേഷമേ ഗൂഗിൾ പ്ലേ സ്റ്റോറിന് അയക്കു, ഒരേ സമയം ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വരുന്നതിനാൽ ക്ഷമതാ പരിശോധന കർശനമായി നടത്തിയ ശേഷമായിരിക്കും അടുത്ത നടപടി. തിങ്കളാഴ്ചയോടെ നടപടി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ. 

അ‌‌ഞ്ച് ലക്ഷത്തിൽ താഴെ തുകക്കാണ് ആപ്പ് ടെണ്ടർ ചെയ്തതെന്നാണ് വിവരം. എന്നാൽ ആപ്പിന്‍റെ പ്രവർത്തനം ഏത് ഘട്ടത്തിലാണെന്ന് എക്സൈസ് വകുപ്പിന് കൃത്യവിവരമില്ല. ആപ്പ് എന്ന് പ്രവർത്തന സജ്ജമാകുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസിന് പോലും കൃത്യമായ വിവരവുമില്ലാത്ത അവസ്ഥയാണ് 

click me!