എറണാകുളം ആലുവയിൽ വഴിത്തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികനും പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയായ സ്ത്രീയും കൊല്ലപ്പെട്ടു
കൊച്ചി: ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വൃദ്ധൻ മരിച്ചു. കടുങ്ങല്ലൂർ കയൻറിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് എന്ന 68 കാരനാണ് മരിച്ചത്. പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി 39 ആണ് മരിച്ചത്.
മാമണിയുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ആലുവയിൽ ഇക്കഴിഞ്ഞ 19 ന് വൈകിട്ടാണ് വഴിക്കു വേണ്ടി പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുക്കാൻ ഒപ്പിടണമെന്നാവശ്യപ്പെട്ട് അയൽവാസിയായ തച്ചവള്ളത്ത് അബ്ദുൾ കരീം അലിക്കുഞ്ഞുമായി തർക്കത്തിലേർപ്പെട്ടത്. ഇത് പിന്നീട് സംഘർഷത്തിലേക്ക് എത്തി. ഇതിനിടയിൽ പരുക്കേറ്റ അലിക്കുഞ്ഞ് കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരിച്ചത്. കേസിൽ 22 ന് അബ്ദുൾ കരീമിനെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.