സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് ചികിത്സയിലായിരുന്ന 67 കാരന്‍ മരിച്ചു

By Web Team  |  First Published Jul 19, 2020, 8:32 AM IST

രക്തസമ്മർദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ ന്യുമോണിയ ബാധിച്ച നിലയിലാണ് ജൂലൈ 8ന് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.


കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ്  മരണം കൂടി. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പിൽ വീട്ടിൽ കുഞ്ഞുബീരാൻ (67) ആണ് മരിച്ചത്. പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

രക്തസമ്മർദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ ന്യുമോണിയ ബാധിച്ച നിലയിലാണ് ജൂലൈ എട്ടിന് മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കർഷകനായ ഇദ്ദേഹം ഉൽപന്നങ്ങള്‍ വിൽക്കാൻ ആലുവാ - മരട്‌ മാർക്കറ്റുകളിൽ പോകാറുണ്ടായിരുന്നു. ആലുവയിൽ നിന്നാണ് കൊവിഡ് പകർന്നതെന്നാണ് സംശയിക്കുന്നത്. എട്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ അടക്കം 13 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്ക്കരിക്കുക.

Latest Videos

undefined

അതേസമയം, സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപന ആശങ്കയേറുകയാണ്. കഴിഞ്ഞ അഞ്ച് ദിവസവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ അറുപത് ശതമാനത്തിലധികവും സമ്പർക്ക രോഗികളാണ്. പത്ത് ശതമാനത്തിലേക്ക് ഒതുക്കാൻ ആരോഗ്യ വകുപ്പ് തീവ്ര ശ്രമം നടത്തിയ സമ്പർക്ക വ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ 60 ശതമാനവും കടന്ന് കുതിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മാത്രം 4709 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

Also Read: ഗ്രാഫ് മുകളിലേക്ക്, ആശങ്കയായി സമ്പർക്ക വ്യാപനം

അതിനിടെ, തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. ഇന്നലെയാണ് ബാർട്ടൻഹിൽ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് ചാടി ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. 

click me!