കാസർകോട് കൊവിഡ് മരണം ആറായി. ഭാരത് ബീഡി കോൺട്രാക്ടറാണ് മരിച്ചയാള്‍. ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു.
കാസർകോട്: കാസർകോട് ഒരു കൊവിഡ് മരണം കൂടി. ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, കാസർകോട് കൊവിഡ് മരണം ആറായി. ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
അതേസമയം, കാസര്‍കോട് കൊവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാസർകോട് തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനക്കാരുൾപ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിനിടെ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്‍റീനിൽ പോയ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രൻ എന്നിവരുടെ കൊവിഡ് പരിശോധന ഫലം പുറത്തുവന്നു. പരിശോധന ഫലം നെഗറ്റീവാണ്.