ക്ഷേത്രം വെച്ച് രാഷ്ട്രീയം കളിക്കാനില്ലെന്ന് ശശി തരൂര്‍; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാമക്ഷേത്രത്തില്‍ പോകും

By Web TeamFirst Published Jan 13, 2024, 3:05 AM IST
Highlights

ക്ഷേത്രം പൂര്‍ണമായിട്ടില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്.  തെരഞ്ഞെടുപ്പിന് ശേഷം താന്‍ രാമക്ഷേത്രത്തില്‍ പോകും.

സുല്‍ത്താന്‍ബത്തേരി: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രിയായതിനാല്‍ ആ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്  ഈ ചടങ്ങിന്റെ പേരില്‍ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും ശശി തരൂര്‍ എം.പി. താളൂരില്‍ നീലഗിരി കോളേജിന്റെ 'എജ്യൂ സമ്മിറ്റി'ല്‍ പങ്കെടുക്കാനെത്തിയ തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 

പുരോഹിതര്‍ നേതൃത്വം നല്‍കേണ്ടതിന് പകരം പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ഹിന്ദുവിശ്വാസികള്‍ ഉണ്ടെന്നും താന്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ ക്ഷേത്രത്തില്‍ പോകുന്നത് രാഷ്ട്രീയം കളിക്കാനല്ലെന്നും പ്രാര്‍ത്ഥിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം പൂര്‍ണമായിട്ടില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്.  തെരഞ്ഞെടുപ്പിന് ശേഷം താന്‍ രാമക്ഷേത്രത്തില്‍ പോകും. എന്നാല്‍ ഈ അവസരത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു പാര്‍ട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോള്‍ ചടങ്ങ് നടത്തുന്നത്. ഹിന്ദുക്കള്‍ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനമെന്നും തരൂര്‍ പറഞ്ഞു. 

Latest Videos

രാഹുല്‍ ഗാന്ധിക്ക് എവിടെയും മത്സരിക്കാമെന്നും വയനാട്ടില്‍ വീണ്ടും മത്സരിച്ചാല്‍ അത് ഗുണകരമാകുമെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ തമിഴ്‌നാട്ടിലും കര്‍ണാടകയിലും രാഹുലിന്റെ മത്സരം ഗുണം ചെയ്തു. മുസ്ലീംലീഗ് ഇത്തവണ സീറ്റ് കൂടുതല്‍ ചോദിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്ക് അക്കാര്യത്തില്‍ അഭിപ്രായമില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. അത്തരം ചര്‍ച്ചകളിലൊന്നും താന്‍ പങ്കെടുക്കാറില്ലെന്നും തരൂര്‍ സൂചിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!