പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷമുണ്ടാകുന്ന ആഘോഷങ്ങൾ വേണ്ട, ആവശ്യമെങ്കിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം

എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിക്കാൻ മാർഗ്ഗരേഖ അംഗീകരിച്ചു. സബ്ജക്ട് മിനിമം എട്ടാം ക്ലാസിൽ നടപ്പാക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും അടുത്ത ക്ലാസ്സിലേയ്ക്ക് പ്രമോഷൻ നൽകുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നൽകും

no violent celebrations will be permitted in schools on closing day after exams police presence to be ensured

തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം. വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളിൽ ആണ് മന്ത്രി നിർദേശം നൽകിയത്.

ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനം, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അവധിക്കാല അധ്യാപക പരിശീലനം, പാഠപുസ്തക വിതരണ ഉദ്ഘാടനം തുടങ്ങിയവ ചർച്ച ചെയ്യാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉത്തര മേഖല, ദക്ഷിണ മേഖല യോഗങ്ങൾ ഓൺലൈനിൽ വിളിച്ചു ചേർത്തത്.  ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

Latest Videos

എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് മൂല്യനിർണയ രീതിശാസ്ത്രം പരിഷ്കരിക്കാൻ മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. സബ്ജക്ട് മിനിമം എട്ടാം ക്ലാസിൽ നടപ്പാക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും അടുത്ത ക്ലാസ്സിലേയ്ക്ക് പ്രമോഷൻ നൽകുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നൽകുന്നതാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2025 - 26 വർഷത്തെ അവധിക്കാല അധ്യാപക സംഗമം പ്രീസ്കൂൾ, എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ അധ്യാപകർക്കും 2025 ഏപ്രിൽ - മെയ് മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കും. പൊതു പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന എച്ച് എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗം അധ്യാപകർക്ക് അതിനനുസരിച്ചുള്ള ബാച്ചുകൾ ക്രമീകരിച്ച് പരിശീലനം  നൽകും.

2025 - 26 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം ഏപ്രിൽ രണ്ടാം വാരം മുഖ്യമന്ത്രി നിർവഹിക്കും. അതിനു മുന്നോടിയായി പത്താം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് ഒമ്പതാം ക്ലാസിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് നിയമസഭാ മന്ദിരത്തിലെ ചേംബറിൽ വച്ച് മുഖ്യമന്ത്രി വിതരണം ചെയ്യും. ഇതാദ്യമായാണ് ഒമ്പതാം ക്ലാസിലെ പരീക്ഷ പൂർത്തിയാകുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പുറമെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ, എല്ലാ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഡി.പി.സിമാർ, കൈറ്റ് കോഡിനേറ്റർമാർ, ജില്ലാ വിദ്യാകിരണം കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!