നഗരസഭയ്ക്ക് പിന്നില്‍ മാലിന്യം കെട്ടികിടക്കുന്നവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് കളക്ടര്‍ ഇടപെട്ടത്. ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.
കൊച്ചി: തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ച് എറണാകുളം കളക്ടര്‍. നഗരസഭയ്ക്ക് പിന്നില്‍ മാലിന്യം കെട്ടികിടക്കുന്നവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് കളക്ടര്‍ ഇടപെട്ടത്. മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി. ജൈവ, അജൈവ മാലിന്യം നഗരസഭയ്ക്ക് പിന്നില്‍ കൂന കൂടി കിടക്കുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
തൃക്കാക്കര നഗരസഭാ കെട്ടിടത്തിന് പിന്നിലെ മാലിന്യമലയുടെ കാഴ്ച ഇന്ന് രാവിലെയാണ് എഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. ജൈവ മാലിന്യങ്ങളും, പ്ലാസ്റ്റിക് ഉള്‍പ്പെട അജൈവ മാലിന്യങ്ങളും ഇതുപോലെ കെട്ടികിടക്കുകയാണ്. ഇത് പൂര്‍ണമായും നീക്കാതെയായിരുന്നു നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കാനുള്ള ചടങ്ങ് ഇന്ന് രാവിലെ പത്ത് മണിക്ക് നിശ്ചയിച്ചത്. കളക്ടറായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. വാര്‍ത്തയ്ക്ക് പിന്നാലെ കളക്ടര്‍ തന്നെ ഇടപെട്ട് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു.
മാലിന്യം രണ്ട് ദിവസത്തിനകം പൂര്‍ണമായും നീക്കം ചെയ്യണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. മാലിന്യം കെട്ടികിടക്കുന്നതില്‍ നഗരസഭയിലെ പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മാലിന്യ നീക്കത്തിന് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതാണെന്നും പൂര്‍ണമായും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞദിവസം ചെയര്‍പേര്‍സണ്‍ അറിയിച്ചത്. നഗരസഭയിലെ മറ്റിടങ്ങളെല്ലാം മാലിന്യമുക്തമാണെന്നും ചെയര്‍ പേര്‍സണ്‍ അവകാശപ്പെട്ടിരുന്നു.